dd

കൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഉൾക്കടലിൽ വച്ച് വെള്ളം കയറി. മുങ്ങിക്കൊണ്ടിരുന്ന ബോട്ടും മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഒന്നിന് വൈകിട്ട് 7ന് നീണ്ടകരയിൽ നിന്ന് പോയ കൊല്ലം മരുത്തടി സ്വദേശി അർമാന്റെ ഉടമസ്ഥതയിലുള്ള സെന്റ് പീറ്റർ എന്ന മത്സ്യബന്ധന ബോട്ടിലാണ് വെള്ളം കയറിയത്.

11 തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലിന്റെ വശങ്ങളിലെ ഇരുമ്പ് ഷീറ്റിലുണ്ടായ വിള്ളലാണ് അപകട കാരണം. രാത്രി 11.30ഓടെ വെള്ളം കയറുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ബോട്ടുമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കുറച്ചുദൂരം പിന്നിട്ടതോടെ വെള്ളം കൂടുതൽ കയറാൻ തുടങ്ങി. തുടർന്ന് ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ടു.

ഇന്നലെ പുലർച്ചെ 4 ഓടെ അഴീക്കൽ ഫിഷിംഗ് ഹാർബറിൽ നിന്നുള്ള റെസ്ക്യൂ ബോട്ട് കരയിൽ നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെവച്ച് മുങ്ങിക്കൊണ്ടിരുന്ന ബോട്ട് കണ്ടെത്തി കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. റെസ്ക്യൂ ബോട്ടിലെ പമ്പ് സെറ്റ് ഉപയോഗിച്ച് ബോട്ടിൽ നിന്ന് തുടർച്ചയായി വെള്ളം പമ്പ് ചെയ്താണ് രാവിലെ 7.30 ഓടെ അഴീക്കൽ ഹാർബറിൽ ബോട്ട് അടുപ്പിച്ചത്.