
കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പി.എസ്.സി പരിശീലനം കേരളത്തിലെ സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് ആശ്രയമാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് നടന്ന പി.എസ്.സി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ പരിശീലനത്തിലൂടെ ഉന്നത ഉദ്യോഗങ്ങളിൽ എത്തിക്കുകയെന്നത് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ലക്ഷ്യമാണ്. കാലത്തിനൊപ്പം സഞ്ചരിക്കാൻ യുവതലമുറയെ പ്രാപ്തമാക്കാൻ ഫോറത്തിന് ധാർമ്മിക ഉത്തരവാദിത്തവുമുണ്ട്. അതുകൊണ്ട് ഫോറം സന്നദ്ധ സേവനതത്പരതയോടെ പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനായി. യോഗം കൗൺസിലർമാരായ പി.സുന്ദരം, പച്ചയിൽ സന്ദീപ്, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കോഴ്‌സ് ഡയറക്ടർ ജി.ബൈജു, കോഴ്‌സ് കോ ഓഡിനേറ്റർ ഷിൻ ശ്യാമളൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ, കേന്ദ്ര സമിതി എക്‌സി. അംഗങ്ങളായ എം.ശ്രീലത, അജി ഗോപിനാഥൻ, സി.ചന്ദ്രപ്രകാശ്, ജി.ബിന്ദു, ഷിബാമോൾ, ബേബി ഹരി, ഷിബു മലയിൽ, ശ്രീകാന്ത്, ഷിബു വിളപ്പിൽ എന്നിവർ സംസാരിച്ചു. കേന്ദ്ര സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ സ്വാഗതവും എസ്.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.