കൊല്ലം: നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന് ആവശ്യമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിൻമാറില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നല്ല പ്രവൃത്തികൾ ചെയ്യുക എന്നതാണ് ഗുരുവിന് സമർപ്പിക്കാവുന്ന പരമപ്രധാനമായ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കിളികൊല്ലൂർ- കോയിക്കൽ 6471-ാം നമ്പർ ശാഖ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

'എന്റെ യൂണിയൻ പ്രവർത്തനങ്ങളുടെ തുടക്കം കുടുംബസംഗമത്തിൽ നിന്നാണ്. കൊല്ലത്ത് ഏരിയ തലത്തിലുള്ള കുടുംബസംഗമത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ആളെ കൂട്ടലല്ല നമ്മുടെ ലക്ഷ്യം. ഒരാളിൽ നിന്നാണ് ഞാൻ തുടങ്ങിയത്. കിളികൊല്ലൂർ- കോയിക്കൽ 6471-ാം നമ്പർ ഞാൻ ദത്തെടുക്കുകയാണ്. കോയിക്കൽ ശാഖയ്ക്ക് ഒരു ആസ്ഥാന മന്ദിരം അനിവാര്യമാണ്. നിലവിലുണ്ടായിരുന്ന പോരായ്മകൾ മാറാനുള്ള തുടക്കം ഈ സംഗമത്തിൽ നിന്നാകണം. ആസ്ഥാന മന്ദിരത്തിനൊപ്പം ഒരു ഗുരുമന്ദിരവും വേണം. ആത്മാർത്ഥതയും അർപ്പണ മനോഭാവവും ഉള്ള പ്രവർത്തകരാണ് ശാഖയിലുള്ളത്. വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരസംഘം, കുമാരിസംഘം എന്നിവ സംഘടിപ്പിക്കാൻ വേണ്ട സഹായങ്ങളും പരിശീലനങ്ങളും ചെലവും ഉൾപ്പെടെ എല്ലാം ചെയ്തുതരും'- വെള്ളാപ്പള്ളി പറഞ്ഞു.

ശാഖ പ്രസിഡന്റ് എസ്.ആർ. സജീവ് അദ്ധ്യക്ഷനായി. ആർ.പി ബാങ്കേഴ്‌സ് ഉടമ ആർ. പ്രകാശൻ പിള്ളയെ വെള്ളാപ്പള്ളി നടേശൻ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് മെരിറ്റ് അവാർഡ് വിതരണവും ചികിത്സാ സഹായ വിതരണവും നടന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷേണാജി, കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്. സുലേഖ, കൊല്ലം യൂണിയൻ വനിതാസംഘം അംഗവും എക്‌സിക്യുട്ടീവ് അമ്മിറ്റി അംഗവുമായ ജെ. വിമലകുമാരി എന്നിവർ സംസാരിച്ചു. യൂണിയൻ പ്രതിനിധി കെ.വിനോദ്, എക്‌സിക്യുട്ടീവ് മെമ്പർമാരായ വാരിജാക്ഷൻ, രാജേന്ദ്രൻ, അബിൻ, പ്രതീപ്, സുധർമ്മൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി ജെ.പി. ഉമാശങ്കർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. ബിനു നന്ദിയും പറഞ്ഞു.