 
1600 കുടുംബങ്ങൾ
സുനാമി വീടുകളിൽ
കരുനാഗപ്പള്ളി: പെരുമഴയ്ക്ക് ശമനമുണ്ടായെങ്കിലും സുനാമി പുനരധിവാസ കോളനികളിലെ ജീവിതം ദുരിത പൂർണമായി. മിക്ക വീടുകളും മഴ വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടന്ന് വീടുകളിൽ ചെളി നിറഞ്ഞ അവസ്ഥയാണിപ്പോൾ. ചെളി കഴുകി കളഞ്ഞെങ്കിൽ മാത്രമേ താമസയോഗ്യമാകൂ. ചോർന്നൊലിക്കുന്ന വീടുകൾ മിക്കതും ഏതാണ്ട് തകർന്ന് വീഴാറായ സ്ഥിതിയാണ്.
രണ്ട് പതിറ്റാണ്ടിന് മുമ്പ് ഉണ്ടായ സുനാമി ദുരന്തത്തെ തുടർന്നാണ് ആലപ്പാട്ട് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചത്.കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി, കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1600 കുടുംബങ്ങളെയാണ് ആലപ്പാട് നിന്നും മാറ്റി പാർപ്പിച്ചത്. മിക്ക സുനാമി കോളനികളും വയലുകൾ നികത്തിയ ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് നിർമ്മിച്ചിത്. സർക്കാരിന്റെ നിർദ്ദേശാനുസരണം സന്നദ്ധ സംഘടനകളാണ് വീടുകൾ നിർമ്മിച്ച് നൽകിയത്.
അറ്റകുറ്റപ്പണിയില്ല
20 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും സർക്കാരിൽ നിന്നോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നോ വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി യാതൊവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നാണ് സുനാമി ദുരിത ബാധിതർ പറയുന്നത്. ഗുണനിലവാരമില്ലാത്ത അസംസ്കൃത സാധനങ്ങൾ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചതെന്ന ആരോപണം തുടക്കത്തിലെ ഉയർന്നിരുന്നു. നിലവിൽ വീടുകളുടെ ഭിത്തികളിൽ വിള്ളൽ വീണു തുടങ്ങി. ജനൽപ്പാളികളും കതകുകളും പൊടിഞ്ഞ് വീഴുന്നു. വീടുകൾ നന്നാക്കാനുള്ള വരുമാനം മത്സ്യത്തൊഴിലാളികൾക്കില്ല.
സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവ പൂർണമായ സഹായം ഉണ്ടായെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളു. സുനാമി വീടുകളുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കണം. കഴിഞ്ഞ 20 വർഷമായി വെള്ളപ്പൊക്ക സീസണിൽ നാടും വീടും വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയം തേടുന്നത്. ഈ നില എത്ര നാൾ തുടരേണ്ടി വരും.
സുനാമി ദുരിത ബാധിതർ