
കൊല്ലം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം പഠനകാലത്തിന് ഇന്ന് ഫസ്റ്റ് ബെൽ മുഴങ്ങും. കുട്ടികളെ വരവേൽക്കാൻ ഇന്ന് ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സ്കൂൾ തലത്തിലും പ്രവേശനോത്സവം നടക്കും. ജില്ലാതല പ്രവേശനോത്സവം കടയ്ക്കൽ കുമ്മിൾ ഗവ. എച്ച്.എസ്.എസിൽ നടക്കും.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ സ്കൂളുകളിലെ ഒരുക്കങ്ങളുടെ പരിശോധനയെല്ലാം പൂർത്തിയാക്കി. അദ്ധ്യയനം തുടങ്ങുന്നതിന് മുൻപ് ഫിറ്റ്നസ് നേടണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ സ്കൂൾ തുറക്കാതിരിക്കേണ്ട സാഹചര്യമില്ലെന്നും കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ പൂർണ സജ്ജമാണെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ പറഞ്ഞു.
പുസ്തക വിതരണം പൂർത്തിയായി
പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതായി കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ വിമൽ ചന്ദ്രൻ പറഞ്ഞു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തക വിതരണം ഏപ്രിലിൽ പൂർത്തിയായിരുന്നു. പുതിയ സിലബസിലുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലേക്കുള്ള വിതരണമാണ് കഴിഞ്ഞമാസം 30ന് പൂർത്തിയാക്കിയത്. ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിച്ചത്. ജില്ലാ ബുക്ക് ഡിപ്പോയുടെ നേതൃത്വത്തിൽ മാർച്ച് 15നാണ് ജില്ലയിൽ വിതരണം ആരംഭിച്ചത്. കുടുംബശ്രീക്കായിരുന്നു ചുമതല. 20,07,548 പുസ്തകങ്ങളാണ് ആകെ വിതരണം ചെയ്തത്.
സ്കൂൾ ബസ് ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുകയാണ്. ജില്ലയിൽ രണ്ടായിരത്തോളം സ്കൂൾ ബസുകളാണുള്ളത്. സ്കൂൾ ബസുകളിൽ 12 വയസിൽ താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് ഇരിക്കാം. കുട്ടികളെ നിറുത്തിക്കൊണ്ട് പോകരുത്. വാഹനത്തിന്റെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. ഓൺ ഡ്യൂട്ടി ബോർഡ് പ്രദർശിപ്പിക്കണം. ഡ്രൈവർമാർക്ക് യൂണിഫോമായി വെള്ള ഷർട്ടും കറുത്ത പാന്റും നിർബന്ധമാണ്. ഡ്രൈവർക്ക് പുറമേ ആയമാരും ബസിലുണ്ടാകണം.
5 സ്‌കൂളുകൾക്ക് അവധി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ.യു.പി.എസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യു.പി.എസ് തെന്നല ശൂരനാട് നോർത്ത്, ഗവ. എൽ.പി.എസ് അഴകിയകാവ് കുന്നത്തൂർ, അമൃത യു.പി.എസ് പാവുമ്പ കരുനാഗപ്പള്ളി, മീനാക്ഷി വിലാസം ഗവ. എൽ.പി.എസ്, പേരൂർ എന്നീ സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.