പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ കടപ്പാക്കുഴി ഗുരുമന്ദിരത്തിന് സമീപം സ്ഥാപിച്ച വെർട്ടിക്കൽ പമ്പ് ഹൗസിന്റെ വൈദ്യുതി ഉപയോഗിച്ചുള്ള ട്രയൽ റൺ പരാജയപ്പെട്ടു.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പമ്പ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള 40 കുതിരശക്തിയുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും വൈദ്യുതി കണക്ഷനിലെ സാങ്കേതിക തകരാർ മൂലം തടസപ്പെട്ടു.പിന്നീട് ഡീസൽ ജനറേറ്റർ ഉപയോഗിച്ച് ഒരു മണിക്കൂറോളം പമ്പ് പ്രവർത്തിപ്പിച്ചു. പമ്പ് ഹൗസിൽ സംഭവിച്ച വൈദ്യുതി തകരാർ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.

1.08 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന ( ആർ. കെ .വൈ ) 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ( കെ.എൽ. ഡി.സി) വഴി പമ്പ് ഹൗസും അനുബന്ധ ജോലികളും പൂർത്തീകരിച്ചത്.

ചക്കുളം ചേലുക്കുഴി ഏലായിലെ വെള്ളക്കെട്ട് കാരണം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന വലിയ പാടം വാർഡിലെ നൂറുകണക്കിന് കർഷക കുടുംബങ്ങളെ കൃഷി നാശത്തിൽ നിന്ന് കരകയറ്റുവാൻവേണ്ടി കടപ്പാക്കുഴി ഗുരു മന്ദിരത്തിന് സമീപം സ്ഥാപിച്ച പമ്പ് ഹൗസ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കുവാൻ വേണ്ട സത്വര നടപടി സ്വീകരിക്കണം.

പാടശേഖരസമിതി പ്രസിഡന്റ് മഹേശ്വരൻപിള്ള,

സെക്രട്ടറി രാജു നാരകത്തിൽ