
ചാത്തന്നൂർ: ചിറക്കര ഉളിയനാട് റോഡിൽ ജനതാ ജംഗ്ഷന് സമീപം റോഡിലെ മഴവെള്ളം ശേഖരിക്കാൻ അശാസ്ത്രീയമായി നിർമ്മിച്ച സംഭരണിയിൽ നിന്നു വെള്ളം തൊട്ടടുത്ത പുരയിടത്തിലേക്ക് ഒഴുകി ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയും വൃക്ഷങ്ങൾ കടപുഴകുകയും ചെയ്തു. നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമയുടെ പരാതി.
ജംഗ്ഷൻ സമീപം ഇടവട്ടം സതിയുടെ പുരയിടത്തിലേക്കാണ് റോഡിലെ മുഴുവൻ വെള്ളവും ഒഴുകിയിറങ്ങുന്നത്. റോഡ് നവീകരണത്തിന് മുമ്പ് പുരയിടത്തിന്റെ കിഴക്കേ ഭാഗത്തെ പഴയ നീർച്ചാലിൽ കൂടി വെള്ളം ചിറക്കര തോട്ടിൽ എത്തുമായിരുന്നു. എന്നാൽ ചാലുകൾ മണ്ണിട്ടു മൂടിയതോടെ വെള്ളം സതിയുടെ പുരയിടത്തിലേക്ക് ഒഴുകാൻ തുടങ്ങി. തുടർന്ന് കോടതിയിൽ കേസ് കൊടുത്തതോടെ പൊതുമരാമത്ത് അധികൃതർ പുരയിടത്തിന്റെ വശത്തുള്ള റോഡിൽ 50 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും മഴവെള്ള സംഭരണി നിർമ്മിച്ചു. സംഭരണിയുടെ മുഴുവൻ സ്ഥലവും കോൺക്രീറ്റ് ചെയ്യേണ്ടതിന് പകരം ഒരു ഭാഗം പഴയ ചെങ്കല്ലിൽ നിർമ്മിച്ച് കലുങ്കിന്റെ ഭാഗത്തേക്കു ചേർക്കുകയായിരുന്നു. സംഭരണി നിറഞ്ഞതോടെ ചെങ്കല്ലിൽ നിർമ്മിച്ച ഭാഗം പൊട്ടി വെള്ളം പുരയിടത്തിലേക്ക് ശക്തമായി ഒഴുകിയെത്തി. ഇതിന്റെ ആഘാതത്തിൽ, ഒരു മാസം മുൻപ് നിർമ്മിച്ച മതിൽ ഇടിഞ്ഞു വീഴുകയും പുരയിടത്തിലെ മരങ്ങൾ കടപുഴകുകയും ചെയ്തു.
10 വർഷം മുൻപ് നിർമ്മിച്ച മഴവെള്ള സംഭരണി ഇതുവരെ വൃത്തിയാക്കിയിട്ടില്ല. വർഷങ്ങളായി മഴയത്ത് ഒലിച്ചിറങ്ങുന്ന മണ്ണും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സംഭരണി. വെള്ളത്തിന്റെ ഒഴുക്ക് തടയാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാാരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി കാത്തിരിക്കുകയാണ് സതി.