
കൊല്ലം: സന്ധ്യ മയങ്ങിയാൽ നഗരത്തിലെ കോൺവെന്റ് ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിൽ ഇത്തിരി വെളിച്ചം ലഭിക്കണമെങ്കിൽ വണ്ടികൾ കടന്നു പോകണം. കുറച്ചു നേരം വണ്ടിയൊന്നും വന്നില്ലെങ്കിൽ തെരുവ് നായ്ക്കളെ ഭയന്നു വേണം ഇവിടെ ബസ് കാത്തു നിൽക്കാൻ.
ചിന്നക്കട ബസ്ബേ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ തെരുവ് വിളക്കുകൾ ഒന്നും തെളിയുന്നില്ല. ആഴ്ചകളായി ഇതാണ് അവസ്ഥ. നേരമിരുട്ടിയാൽ കോൺവെന്റ് ജംഗ്ഷനിൽ നിന്ന് ബസ് കയറണമെങ്കിൽ കൈയിൽ വെളിച്ചം കരുതണം. മഴ സമയത്ത് ദുരിതം ഇരട്ടിക്കും. കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ഇരുട്ടു നിറയുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. സന്ധ്യ മയങ്ങിയാൽ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരുട്ടിൽ ആരെങ്കിലും പതിയിരിക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് കാണാനും കഴിയില്ല. എറണാകുളം ഭാഗത്തേക്ക് പോകാൻ യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്.
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെയും ഭിക്ഷാടകരുടെയും താവളമാണിവിടം. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. അതിനാൽ ഒരുവിധത്തിലും കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ കയറാൻ കഴിയില്ല. കർബല- റെയിൽവെ സ്റ്റേഷൻ റോഡിലും സ്ഥിതി സമാനമാണ്.
ഏതു നിമിഷവും പൊളിയാം!
കോൺവെന്റ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി അടർന്ന് ജീർണിച്ച അവസ്ഥയിലാണ്. ദ്രവിച്ച കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാം. ഇളകിയ കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. മേൽക്കൂരയ്ക്ക് മുകളിൽ പാഴ്ചെടികൾ വളർന്നിട്ടുണ്ട്. മഴയത്തും വെയിലത്തും പുറത്ത് നിൽക്കേണ്ട ദുരവസ്ഥയാണ് ബസ് കാത്തുനിൽക്കുന്നവർക്കുള്ളത്.
കേബിളിന്റെ പ്രശ്നം കാരണമാകാം വിളക്കുകൾ തെളിയാത്തത്. പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്
സജീവ് സോമൻ , ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി