കൊല്ലം: മദ്ധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നതോടെ, ലഹരിക്ക് തടയിടാൻ കർശന പരിശോധനയുമായി എക്സൈസ് രംഗത്ത്. സ്കൂളുകളുമായി ബന്ധപ്പെട്ട് അലഞ്ഞുനടക്കുന്ന യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കണമെന്നും ഏതൊക്കെ വിദ്യാർത്ഥികളുമായി ഇവർ സൗഹൃദത്തിലാണെന്നത് ശ്രദ്ധിക്കണമെന്നും എക്സൈസ് സർക്കുലറിൽ നിർദ്ദേശമുണ്ട്.
സ്‌കൂളുകളിൽ നിർജീവാവസ്ഥയിലുള്ള ലഹരിവിരുദ്ധ ക്ലബുകൾ പുനരുജ്ജീവിപ്പിക്കും. ബൈക്ക് പട്രോളിംഗും മഫ്‌ത്തിയിൽ നിരീക്ഷണവും ശക്തമാക്കും. എക്‌സൈസ് റേഞ്ച് പരിധിയിലെ സ്‌കൂളുകളിലെ യൂണിഫോം നിറങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ എക്‌സൈസ് ഉദ്യോഗസ്ഥർ മനസിലാക്കി വയ്ക്കണമെന്നും കമ്മിഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കുട്ടികളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും മറ്റുമായി പി.ടി.എ കമ്മിറ്റികളെ ചുമതലപ്പെടുത്തി. ഒരു അദ്ധ്യാപകന് ചുമതലയും നൽകിയിട്ടുണ്ട്. ഏകോപനത്തിനായി ഓരോ സ്കൂളിനും വേണ്ടി എക്സൈസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
സ്‌കൂളുകൾക്ക് പുറമേ കോളേജ്, കോളേജ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കും. കോളേജുകളിലെയും ഹോസ്റ്റലുകളിലെയും പരിശോധനയ്ക്കായി 'ശ്രദ്ധ- നേർക്കൂട്ടം' എന്നപേരിൽ ഡ്രൈവും നടത്തും. ഹോസ്റ്റലുകളിൽ ആഴ്ചയിലൊരിക്കൽ പരിശോധനയുണ്ടാവും. ഹോസ്റ്റലുകളിൽ സിന്തറ്റിക് ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
82 സ്‌കൂളുകൾ 'പ്രശ്‌നബാധിതം'
ജില്ലയിൽ 82 സ്‌കൂളുകൾ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രശ്‌നബാധിതമാണെന്ന് എക്‌സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുള്ള സ്‌കൂളുകൾ, സ്‌കൂൾ സമയങ്ങളിൽ പുറമേ നിന്നുള്ളവർ വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്നതായി പരാതി ലഭിച്ച സ്‌കൂളുകൾ എന്നിവയെയാണ് പ്രശ്‌നബാധിത പട്ടികയിൽ എക്‌സൈസ് ഉൾപ്പെടുത്തിയിരിക്കുന്നത്.