എഴുകോൺ : വിദ്യാർത്ഥികളിൽ ശുചിത്വ സാക്ഷരത ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. പൊതുസമൂഹത്തിന്റെ വലിച്ചെറിയൽ ശീലം ഒഴിവാക്കാനാണിത്. പ്രവേശനോത്സവം മുതൽ ഇതിനായി വിവിധ പദ്ധതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചിത്വ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടത്തേണ്ടത്.

പ്രവേശനോത്സവം ഹരിതചട്ടം പാലിച്ച്

സ്കൂളുകളിലെ പ്രവേശനോത്സവത്തിൽ ഹരിത ചട്ടം കർശനമാണ്.

നിരോധിച്ചതും ഒറ്റത്തവണത്തേക്ക് മാത്രമുള്ളതുമായ വസ്തുക്കൾ ഉപയോഗിക്കരുത്.

പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് ക്യാരിബാഗ്, തെർമോക്കോൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയ്ക്ക് നിരോധനം.

ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കണം. പി.ടി.എയുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഇതിന് തേടണം. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് പൈപ്പ് കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, ബയോ ബിൻ, മേൽക്കൂരയുള്ള കുഴി കമ്പോസ്റ്റിംഗ്, തുമ്പൂർമൂഴി, ബയോഗ്യാസ് പ്ലാന്റ് എന്നിവയിൽ ഏതെങ്കിലും സ്കൂളിൽ നിർബന്ധമായും ഉണ്ടാകണം.

വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ലഭിക്കുന്ന ആദ്യ നിർദ്ദേശം മാലിന്യ പരിപാലന മാർഗ രേഖയായിരിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഇതിനായി ഓരോ ക്ലാസ് മുറിയിലും ആകർഷകമായ ചുമർ ചിത്രങ്ങളും ഒരുക്കണം.

ഹരിതകർമ്മസേനയ്ക്ക് ആദരം

ഹരിതസേനാംഗങ്ങളെ സ്കൂളിൽ വിളിച്ചാദരിക്കുകയും കുട്ടികളുമൊത്തുള്ള ഫ്ലാഷ്മോബിലൂടെ ശുചിത്വ സന്ദേശം ഉറപ്പാക്കാനും പദ്ധതി വേണം. വീടുകളിലെ അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുവെന്ന് വിദ്യാർത്ഥികളിലൂടെ ഉറപ്പാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. രക്ഷിതാക്കളുടെ സാക്ഷ്യപത്രം സ്കൂളുകളിൽ എത്തിക്കുന്നതിലൂടെയാണിത്.

സ്കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞയും എടുക്കണം.

പ്രതിജ്ഞ

മാലിന്യം സ്കൂളിലും പൊതു ഇടങ്ങളിലും വലിച്ചെറിയില്ല. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ അധികൃതർക്ക് റിപ്പോർട്ട് ചെയ്യും. വീട്ടിലെ മാലിന്യങ്ങൾ തരംതിരിച്ച് അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി കൈമാറും. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കും. മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല.