കൊല്ലം: ആശ്രാമം മൈതാനത്ത് മരം കടപുഴകി ഒരാൾക്ക് പരിക്കേറ്റു. ശങ്കേഴ്സ് ആശുപത്രിക്ക് പിന്നിൽ ഇന്ദിരാജി ജംഗ്ഷനിൽ പ്രസാദത്തിൽ പ്രസാദിനാണ് (59) പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം.

ആശ്രാമം മൈതാനത്തിന് കിഴക്കുള്ള പള്ളിക്ക് എതിർവശം നിന്നിരുന്ന അക്കേഷ്യയാണ് കടപുഴകിയത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം മരത്തിന് സമീപത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. മരം വീഴുന്ന ശബ്ദം കേട്ട് സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും പ്രസാദ് ഇരുന്ന ബെഞ്ചിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.

മരത്തിന്റെ ചെറിയ ഭാഗം കാലിലും വയറിലുമായി വീഴുതായിരുന്നു. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുനീക്കി.