ചവറ: കല്യാണ സത്കാരത്തിൽ പങ്കെടുത്ത 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. തേവലക്കര അരിനല്ലൂരിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പള്ളിയിൽ നടന്ന സത്കാരത്തിൽ പങ്കെടുത്തവരാണ് ചികിത്സ തേടിയത്.

ഭക്ഷണം കഴിച്ചത് മുതൽ പലർക്കും ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി തേവലക്കരയിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ 50 പേർ ചികിത്സയ്ക്കെത്തി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ചികിത്സ തേടിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നിലവിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ല.

സംഭവം നടന്ന് ദിവസങ്ങളായതിനാൽ ആരോഗ്യവകുപ്പിന് ഭക്ഷണ സാമ്പിൾ ശേഖരിക്കാനായിട്ടില്ല. വിവാഹം നടന്ന സ്ഥലത്ത് പാചകം ചെയ്യാൻ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിൾ തേവലക്കരയിലെ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.