കൊല്ലം: കർബല റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ച് ഒരു വർഷമായിട്ടും തി​രി​ഞ്ഞുനോക്കാതെ അധി​കൃതർ. കുണ്ടറ, കണ്ണനല്ലൂർ ഭാഗങ്ങളി​ലേക്ക് ബസി​ൽ പോകാനുള്ള സ്‌റ്റോപ്പിലെത്താൻ വർഷങ്ങളായി ഈ പാലത്തെയാണ് പ്രദേശവാസികളും വിദ്യാർത്ഥികളും ആശ്രയിച്ചിരുന്നത്. പാലം അടച്ചതോടെ ഒന്നരകിലോമീറ്റർ ദൂരെയുള്ള കടപ്പാക്കട ജംഗ്ഷനിലോ 1.3 കിലോമീറ്റർ ദൂരെയുള്ള ചിന്നക്കട ക്ലോക്ക് ടവറിന് മുന്നിലുള്ള സ്‌റ്റോപ്പിലോ എത്തണം. ഇത്രയും ദൂരം നടന്നെത്തുമ്പോഴേക്കും വിദ്യാർത്ഥികളിൽ പലർക്കും ബസ് ലഭിക്കാറില്ല, സമയത്ത് സ്കൂളി​ൽ എത്താനുമാവി​ല്ല.

റെയിൽവേ സ്‌റ്റേഷൻ- ചെമ്മാൻമുക്ക് റോഡിനെയും കൊല്ലം- ചെങ്കോട്ട റോഡിനെയും ബന്ധിപ്പിച്ച് കർബല ജംഗ്ഷനിൽ തുടങ്ങി ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്നതാണ് കർബല മേൽപ്പാലം. കഴിഞ്ഞ വർഷം ജൂൺ 20നാണ് അറ്റകുറ്റപ്പണികളുടെയും സുരക്ഷ കാരണങ്ങളുടെയും പേരിൽ പാലം അടച്ചത്. ഇതോടെ, റെയിൽവേ സ്‌റ്റേഷനിൽ നിറുത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലെ കമ്പാർട്ട്‌മെന്റുകളിലൂടെ കയറിയിറങ്ങി ജീവൻ പണയം വച്ചാണ് വിദ്യാർത്ഥികൾ എതിർവശത്തെത്തുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് അപകടങ്ങളി​ൽപ്പെടാതി​രി​ക്കുന്നത്. ഇങ്ങനെ ട്രാക്കിലൂടെയും കംമ്പാർട്ട്‌മെന്റുകളി​ലൂടെയും കയറി​യി​റങ്ങുമ്പോൾ വി​ദ്യാർത്ഥി​കളുടെ കാലി​ന് മുറി​വേറ്റ സംഭവങ്ങളുമുണ്ട്. .

കുണ്ടറ, കൊട്ടാരക്കര മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശങ്കേഴ്സ് ആശുപത്രിക്കു സമീപം ബസ് ഇറങ്ങി റെയിൽവേ മേൽപ്പാലം വഴിയാണ് ഫാത്തിമ മാതാ, എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, എസ്.എൻ ലാ കോളേജ് എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നത്. ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികളാണ് ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നത്.

പരാതി​കൾ പെരുമഴയായി​ട്ടും...

നിരവധി പരാതികൾ നൽകിയെങ്കിലും പാലം എന്ന് തുറക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ, മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം കാടുപിടിച്ച നിലയിലാണ്. ശങ്കേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കർബല ജംഗ്ഷനിൽ പാലം അവസാനിക്കുന്ന ഭാഗത്തെ ഭൂമിയുമായി ബന്ധപ്പെട്ട് റെയിൽവേയും കോർപ്പറേഷനുമായി നിലനിൽക്കുന്ന തർക്കമാണ് പാലം തുറക്കുന്നത് വൈകാാൻ കാരണം. അതേസമയം വേനൽ അവധിക്ക് ശേഷം സ്‌കുളുകളും കോളേജുകളും തുറന്ന പശ്ചാത്തലത്തിൽ മേൽപ്പാലം എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി തുറക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.