
കൊല്ലം: ഡയാലിസിസ് അല്പം വൈകിയാൽ അഖിൽ ശ്വാസമെടുക്കാനാകാതെ പിടയും. ഇതോടെ അമ്മ ശോഭ നിലവിളിച്ചുകൊണ്ട് അഖിലിനെ എടുത്ത് ആശുപത്രിയിലേക്ക് പായും. ഇങ്ങനെ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് കരുനാഗപ്പള്ളി ആദിനാട് അനുഭവനത്തിൽ ഇരുപത്തിരണ്ടുകാരനായ അഖിലിന്റെ ജീവൻ നിലനിറുത്തുന്നത്.
ഡയാലിസിസ് നടത്താൻ കടം വാങ്ങാൻ ഇനി ആരും മുന്നിലില്ലാതെ തളർന്നുനിൽക്കുകയാണ് അഖിലിന്റെ മാതാപിതാക്കൾ. ഒരു ഡയാലിസിസിന് ആയിരം രൂപയേ ഫീസുള്ളു. പക്ഷെ ഡയാലിസിസിന് ഇടയിൽ വിറയലും മറ്റ് പ്രശ്നങ്ങളും ഉണ്ടാകും. ഇതിനുള്ള ചികിത്സാ ചെലവും വണ്ടിക്കൂലിയും സഹിതം ഒരോ ഡയാലിസിസിനും ആയ്യായിരം രൂപയോളം ചെലവാകും. ഇതിന് പുറമേ മരുന്ന് വാങ്ങാനും ആയിരങ്ങൾ വേണം.
അച്ഛൻ സുനിലിന് കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനമെല്ലാം അഖിലിന്റെ ചികിത്സയ്ക്കായി ചെലവിടുകയാണ്. അഖിൽ എപ്പോൾ വേണമെങ്കിലും തളർന്നുവീഴാൻ സാദ്ധ്യതയുള്ളതിനാൽ അമ്മ ശോഭയ്ക്ക് ജോലിക്ക് പോകാനുമാകുന്നില്ല. സഹോദരൻ അനു കടയിൽ സെയിൽസ്മാനായി ജോലിക്ക് പോകുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് ആരംഭിച്ച വീടുപണി പൂർത്തിയാക്കാൻ ബാങ്ക് വായ്പ എടുത്തിരുന്നു. വായ്പ പലിശ സഹിതം ആറ് ലക്ഷം രൂപയായതോടെ ആകെയുള്ള കിടപ്പാടവും ജപ്തി ഭീഷണിയിലാണ്.
ആറാം വയസിൽ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് അഖിലിന്റെ കിഡ്നിക്ക് തകരാറുള്ള വിവരം അറിയുന്നത്. പല ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും യഥാർത്ഥ പ്രശ്നം കണ്ടെത്താനായില്ല. രോഗം മൂർച്ഛിച്ചതോടെ അഖിലിന് സ്ഥിരമായി സ്കൂളിൽ പോകാൻ കഴിയാതെയായി. അമ്മയുടെ തോളിൽ പിടിച്ച് ഇടയ്ക്കിടെ സ്കൂളിൽ പോയിരുന്ന അഖിൽ പത്താം ക്ലാസ് പരീക്ഷ നല്ല മാർക്കോടെ വിജയിച്ചു. പക്ഷെ തുടർന്ന് പഠിക്കാനായില്ല. നാല് വർഷം മുൻപാണ് അഖിലിന്റെ ഇരുവൃക്കകളും തകരാറിലായ വിവരം അറിയുന്നത്. നാട്ടിലെ സന്നദ്ധ സംഘടന അഖിലിന്റെ കിഡ്നി മാറ്റിവയ്ക്കാൻ സാമ്പത്തിക സമാഹരണം നടത്തിയിരുന്നു. ശോഭയുടെ കിഡ്നി കൈമാറാമെന്ന പ്രതീക്ഷയിലാണ് സന്നദ്ധസംഘടന പണ സമാഹാരണം നടത്തിയത്. എന്നാൽ ഇരുവരുടെയും രക്ത ഗ്രൂപ്പുകൾ വത്യസ്തമായതിനാൽ കിഡ്നി കൈമാറിയാലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റൊരു കിഡ്നി ദാതാവിനെ കിട്ടാത്തതിനാൽ സന്നദ്ധ സംഘടന സ്വരൂപിച്ച പണം നാളിതുവരെ കൈമാറിയിട്ടില്ല. അഖിലിന്റെ അതേ രക്തഗ്രൂപ്പിലുള്ള കിഡ്നി ദാതാവിനെ ലഭിക്കാൻ ശോഭ തന്റെ കിഡ്നി മറ്റാർക്കെങ്കിലും ദാനം ചെയ്യാൻ തയ്യാറാണെങ്കിലും ആരും സന്നദ്ധരായിട്ടില്ല.
അഖിലിന് പഠിക്കണമെന്നും അമ്മയ്ക്കും അച്ഛനും ഭാരമാകാതെ ജീവിക്കണമെന്നും ആഗ്രഹമുണ്ട്. അതിന് സുമനസുകളുടെ കാരുണ്യം വേണം. കരുനാഗപ്പള്ളി വള്ളിക്കാവ് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ അഖിലിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ:12900100262309. ഐ.എഫ്.എസ്.ഇ കോഡ്: എഫ്.ഡി.ആർ.എൽ 0001290. ഫോൺ: 8593980163.