d

കൊല്ലം: നവീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കുമ്മിൾ സർക്കാർ എച്ച്.എസ്.എസിൽ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു മന്ത്രി.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മുൻഗണന നൽകുന്ന പ്രവർത്തനങ്ങളാണ് ഏഴര വർഷം നടപ്പാക്കിയത്. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടങ്ങൾ, ആധുനിക സ്മാർട്ട് ക്ലാസ് റൂമുകൾ, ഗുണനിലവാരമുള്ള ഉച്ചഭക്ഷണം തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിവരുന്നു. പഠനേതര മേഖലകളിലും മികവുള്ളവരാകാൻ കുട്ടികളെ പ്രാപ്തരാക്കുന്നുമുണ്ട്. ഇതൊക്കെയാണ് നാളയുടെ പ്രതീക്ഷയായി മാറുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.