പത്തനാപുരം: കളിചിരികൾ നിറഞ്ഞ അന്തരീക്ഷത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ ഗാന്ധിഭവൻ ഇന്റർനാഷണൽ മോഡൽ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിലെ പ്രവേശനോത്സവം നടന്നു. പായസം വിളമ്പിയും കിരീടമണിയിച്ചും വിദ്യാർത്ഥികളെ അദ്ധ്യാപകർ വരവേറ്റു.
പാട്ടും നൃത്തവുമൊക്കെയായാണ് കുട്ടികൾ പുതിയ അദ്ധ്യയനവർഷത്തെ സ്വീകരിച്ചത്.
പ്രവേശനോത്സവം സ്കൂൾ മാനേജരും ഗാന്ധിഭവൻ വൈസ് ചെയർമാനുമായ പി.എസ്. അമൽരാജ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തങ്ങളുടെ കാലശേഷമുള്ള മക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കയാണ്. അതിനു പരിഹാരം കണ്ടെത്താനുള്ള പദ്ധതിക്ക് ഗാന്ധിഭവൻ രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എം.എ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ബി. ശശികുമാർ, സന്തോഷ് ജി.നാഥ്, ആർ.ഗീത, അഡ്വ.സി.കെ.പ്രദീപ്കുമാർ, പി.ടി.എം.എ ഭാരവാഹികളായ ബിന്ദു ബാബു, രഞ്ജിത സുനിൽ, മോൻസി രാജു എന്നിവർ സംസാരിച്ചു. സ്കൂൾ അദ്ധ്യാപകരായ അനി ജോർജ് സ്വാഗതവും ആർ. രാധാമണി നന്ദിയും പറഞ്ഞു.