കൊല്ലം: കൊല്ലം പൂരത്തിന്റെ തിമിർപ്പായിരുന്നു ഇന്നലെ ആർ.എസ്.പി ജില്ലാ കമ്മിറ്റി ഓഫീസിൽ. രാവിലെ ടി.വിക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അടക്കമുള്ള നേതാക്കളുടെ നീണ്ടനിര. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുകേഷ് ലീഡ് ചെയ്യുന്നതിന്റെ സൂചനകൾ ടി.വിയിൽ തെളിഞ്ഞിട്ടും നേതാക്കളുടെ മുഖത്ത് തെല്ല് നിരാശയില്ല. പകരം പ്രതീക്ഷയുടെ പുഞ്ചിരി തിളക്കങ്ങളായിരുന്നു.

വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് അലോഷ്യസ് സ്കൂൾ സന്ദർശിച്ച ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ആർ.എസ്.പി ജില്ലാകമ്മിറ്റി ഓഫീസിലേക്കെത്തി. അപ്പോഴേക്കും ഭൂരിപക്ഷം പടിപടിയായി ഉയർത്തി പ്രേമചന്ദ്രന്റെ കുതിപ്പ് തുടങ്ങിയിരുന്നു. പടക്കം പൊട്ടിച്ചും ചുവന്ന ഹാരങ്ങൾ ചാർത്തിയും പ്രവർത്തകർ പ്രേമചന്ദ്രനെ വരവേറ്റു. ലീഡ് കുത്തനെ ഉയരുന്നതിന്റെ ആവേശത്തിൽ പ്രവർത്തകർ കൈകൊട്ടി ആർപ്പുവിളിച്ചു തിമിർക്കുമ്പോഴും പ്രേമചന്ദ്രൻ നിശബ്ദനായി ടി.വി കണ്ടിരുന്നു. ഈ സമയമെല്ലാം എൻ.കെ.പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീത കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലുൾപ്പെടെ പ്രാർത്ഥനയിലായിരുന്നു.

മറ്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെയും ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റവും പ്രവർത്തരെ ആവേശഭരിതരാക്കി. 10 ഓടെ പി.സി.വിഷ്ണുനാഥ് എം.എൽ.എ എത്തി. 10.30ന് ലീഡ് നില 30000 കടന്നപ്പോഴേക്ക് പ്രവർത്തകർ മധുര പലഹാര വിതരണം തുടങ്ങി. തുടർന്ന് ഡി.സി.സി ഓഫീസിലേക്ക് യാത്ര തിരിക്കുന്നതിനിടെ എൻ.കെ.പ്രേമചന്ദ്രന് ആർ.എസ്. പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഹാരം അണിയിച്ചു. ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എൻ.കെ.പ്രേമചന്ദ്രനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.