ccc
കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണം

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് കാരാളിമുക്ക് കേന്ദ്രമായി
കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ശക്തം.
നിലവിൽ ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് പടിഞ്ഞാറേ കല്ലട.
നിരന്തരമായ വൈദ്യുതി മുടങ്ങുന്ന പടിഞ്ഞാറെ കല്ലടയിലെ ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യമാണ് സെക്ഷൻ ഓഫീസ്. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസിലാകട്ടെ പരിമിതമായ ജീവനക്കാരേയുള്ളൂ. 30,000ൽ അധികം കൺസ്യൂമർമാരുള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും എവിടെയുമെത്തിയില്ല.മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡിലും പടിഞ്ഞാറേ കല്ലടയിലുമുൾപ്പടെ വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് ശാസ്താംകോട്ടയിൽ നിന്ന് ജീവനക്കാരെത്തണം. താലൂക്ക് ആശുപത്രിയും ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കുന്ന ശാസ്താംകോട്ട മേഖലകളിലെ വൈദ്യുതി തകരാർ പരിഹരിക്കാൻ മുഖ്യ പരിഗണന നൽകുമ്പോൾ പടിഞ്ഞാറേ കല്ലട പോലുള്ള മേഖലകൾ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയാണ്.

കാരാളിമുക്കിൽ പ്രവർത്തിച്ചിരുന്ന ഓവർസിയർ ഓഫീസിനെ സെക്ഷൻ ഓഫീസായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.


ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന മേഖലകൾ

പടിഞ്ഞാറേ കല്ലടയുടെ മുഴുവൻ വാർഡുകളും

ശാസ്താംകോട്ട പഞ്ചായത്തിന്റെ ഒരു വാർഡ് ഒഴികെയുള്ള മറ്റ് വാർഡുകൾ

മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ മേഖലയിലെ വാർഡുകൾ

പോരുവഴി പഞ്ചായത്തിലെ പകുതിയോളം വാർഡുകൾ

കുന്നത്തൂർ പഞ്ചായത്തിലെ പകുതി വാർഡുകൾ

മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡ്

തേവലക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖല

ജനങ്ങളുടെ ആവശ്യം

മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡ്, തേവലക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖല, മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ ഭാഗം, പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ വാർഡുകൾ എന്നിവയുൾപ്പെടുത്തി കാരാളിമുക്ക് കേന്ദ്രമാക്കി സെക്ഷൻ ഓഫീസ് രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.