കൊല്ലം: സി.പി.എം ഉയർത്തിയ എല്ലാ അപവാദ പ്രചാരണങ്ങളെയും അതിജീവിച്ചുള്ള തിളക്കമാർന്ന വിജയമാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ ജനങ്ങൾ സമ്മാനിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഡി.സി.സി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുകൂല രാഷ്ട്രീയ സാഹചര്യമാണുണ്ടായിരുന്നത്. കേന്ദ്ര - സംസ്ഥാന നയങ്ങൾക്കെതിരായുള്ള ജനവികാരം കൃത്യമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ പാർലമെന്ററി രംഗത്തെ പ്രവർത്തനങ്ങളും സഹായകമായി. അതിലുപരി മതേതര ജനാധിപത്യ സർക്കാർ ദേശീയതലത്തിൽ അധികാരത്തിൽ വരണമെന്ന പൊതുവികാരമാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ രാഷ്ട്രീയമായി വന്നത്. അതുതന്നെയാണ് ഞങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചത്.
ഈ തിരഞ്ഞെടുപ്പിനെ ഞങ്ങൾ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എം അതിനെ സാമുദായിക വത്കരിക്കാനും വർഗീയ വത്കരിക്കാനുമാണ് ശ്രമിച്ചത്. 2019ലും 2024ലും ജയിച്ചാൽ ബി.ജെ.പിയിൽ പോകുമെന്നും ബി.ജെ.പിയുടെ ഭാഗമായി മാറി തീരുമെന്നും നിരന്തരമായുള്ള ക്യാമ്പയിൻ സി.പി.എം നടത്തി. തിരഞ്ഞെടുപ്പിനെ വർഗീയവത്കരിക്കാനും ന്യൂനപക്ഷ വോട്ട്ബാങ്കിനെ സ്വാധീനിക്കാൻ നടത്തിയ കള്ള പ്രചാരണങ്ങളുമാണ് പ്രധാനമായും ഇവർ മുന്നോട്ട് വച്ചത്. ഇതിനെ അതിജീവിച്ച രാഷ്ട്രീയ വിജയമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.