ഭരണാനുമതി

4 കോടി

ഉന്നത നിലാവാരത്തിൽ

5 കി.മീറ്ററിലധികം റോഡ്

എഴുകോൺ : യാത്ര ദുർഘടമായ എഴുകോൺ ഇ.എസ്.ഐ. ആശുപത്രി മേഖലയിലെ റോഡുകൾ നന്നാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ മുൻകൈയെടുത്ത് 4 കോടി രൂപയുടെ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് പുനർ നിർമ്മാണ നടപടികൾ വേഗത്തിലായത്. സാങ്കേതികാനുമതിയാണ് അടുത്ത ഘട്ടം. ദിവസങ്ങൾക്കുള്ളിൽ ഇതിനുള്ള ഫയലിൽ അന്തിമാനുമതി ഉണ്ടാകും. ഈ മാസം തന്നെ ടെണ്ടലേക്ക് കടക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

വിവിധ റീച്ചുകളിലായി 5 കി.മീറ്ററിലധികം റോഡാണ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്.

പോച്ചം കോണത്ത് നിന്ന് അറുപറക്കോണം ഗവ. ടെക്നിക്കൽ സ്കൂളിലേക്ക് എത്തുന്നതാണ് ആദ്യഭാഗം. ഇവിടെ വശങ്ങളിൽ സംരക്ഷണ മതിൽ വേണ്ടുന്ന ഭാഗങ്ങളുണ്ട്.

ഇ.എസ്.ഐ റോഡിൽ നിന്ന് പുതിയതായി പണിയുന്ന പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള വെട്ടിലിക്കോണം റോഡാണ് അടുത്തത്.

തുടർന്ന് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്ത് നിന്ന് നെടുമ്പായിക്കുളം പള്ളി വഴി ഇടയ്ക്കോട് ഗുരുമന്ദിരം വരെയുള്ള റോഡും പള്ളിക്ക് മുന്നിൽ നിന്ന് നെടുമ്പായിക്കുളം ദേശീയപാതയിലേക്ക് എത്തുന്ന റോഡുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അറുപറക്കോണം ടെക്നിക്കൽ സ്കൂളിന് മുന്നിൽ നിന്ന് റെയിൽവേ തുരങ്കത്തിലൂടെ എഴുകോൺ കോയിക്കൽ ഭാഗത്ത് ദേശീയപാതയിലേക്ക് എത്തുന്ന റോഡും നവീകരണ പദ്ധതിയിലുണ്ട്.

വെള്ളക്കെട്ടും ചെളിക്കണ്ടവും

നാട്ടുകാരുടെ ദീർഘനാളായ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. കരീപ്ര ഭാഗത്ത് നിന്ന് എഴുകോൺ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവർ ജംഗ്ഷനിലെ ഗതാഗത കുരുക്കിൽ പെടാതെ വേഗത്തിലെത്താൻ ആശ്രയിക്കുന്നതാണ് പോച്ചംകോണം അറുപറക്കോണം പാത. വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത വിധം വെള്ളക്കെട്ടും ചെളിക്കണ്ടവുമാണ് ഇവിടം. നെടുമ്പായിക്കുളം ഇ.എസ്.ഐ റോഡിന്റെ പുനരുദ്ധാരണവും ഏറെ നാളായുള്ള സമസ്യയാണ്. ഇ.എസ്.ഐ ആശുപത്രിയിൽ നിന്ന് രോഗികളെയും മറ്റും അടിയന്തരമായി മാറ്റേണ്ടി വരുമ്പോൾ തകർന്ന റോഡ് ഒരു വെല്ലുവിളിയാണ്.

വിവിധ റോഡുകളെ കോർത്തിണക്കി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ബാലഗോപാൽ സമഗ്ര പദ്ധതി തയ്യാറാക്കിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. അതിവേഗം ടെണ്ടർ നടപടികളിലേക്ക് കടക്കും.

അനുപ്രീയ

എ .ഇ, പി.ഡബ്ള്യു. ഡി