എഴുകോൺ : മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഇരട്ട നേട്ടത്തിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ് കരീപ്ര ഗ്രാമ പഞ്ചായത്തിലെ ഉളകോട് ഗ്രാമം. ഉളകോട്ടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായിരുന്ന എസ്. കോമളന്റെ മകൻ ഡോ.കൃപനും ടി.സി. പുഷ്പകുമാരിയുടെ മകൻ വിഷ്ണു ചന്ദ്രനും നേടിയ വിജയമാണ് ഗ്രാമവാസികൾക്ക് ആഹ്ലാദമായത്. ഡോ. കൃപൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടൻസ് സൂപ്പർ സ്പെഷ്യാലിറ്റി (ഐ.എൻ.ഐ-എസ്.എസ്) അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയപ്പോൾ വിഷ്ണു ചന്ദ്രൻ ഉന്നത നിലയിൽ എം.ബി.ബി.എസ് ബിരുദമാണ് നേടിയത്. രണ്ട് പേരും സാധാരണ ജീവിത പരിസരങ്ങളിൽ നിന്നാണ് വിജയത്തിന്റെ പടവുകൾ കയറിയത്. ഇരുവരും സർക്കാർ സ്ഥാപനങ്ങളിലാണ് മെഡിക്കൽ വിദ്യാഭ്യാസം നേടിയത്. കോമളനും പുഷ്പകുമാരിയും സി.പി.എമ്മിനെ പ്രതിനിധീകരിച്ചാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായത്. പുഷ്പ കുമാരി പിന്നീട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. വാർഡ് വിഭജനത്തെ തുടർന്ന് നിലവിൽ ഇലയം വാർഡിലെ താമസക്കാരിയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ പ്രസിഡന്റ് കൂടിയായ പുഷ്പകുമാരി.
ഉളകോട് ആറ്റുവാരത്ത് വീട്ടിൽ എ. സുജയാണ് കൃപന്റെ അമ്മ. ഇലയം രാജേന്ദ്ര വിലാസത്തിൽ ആർ. ചന്ദ്രനാണ് വിഷ്ണു ചന്ദ്രന്റെ അച്ഛൻ.