 
75 വർഷത്തോളമായി ദുരിതജീവിതത്തിൽ
പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിലെ അലിമുക്ക് വാർഡിൽ ആയിരവില്ലിക്കരയിൽ എട്ടോളം കുടംബങ്ങൾ വഴിയില്ലാതെ 75 വർഷത്തോളമായി ദുരിതജീവിതത്തിൽ. കോളനിക്ക് സമാനമായ വാസസ്ഥലത്ത് വിസ്‌തൃതി കുറവായ പ്ലോട്ടുകളിൽ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി കുത്തനെയാണ്. കല്ലു കൊണ്ടുള്ള പടിക്കെട്ടിന്റെ സഹായത്തോടെയാണ് കുത്തനെയുള്ള പാതയിലൂടെയുള്ള സഞ്ചാരം. കല്ലു കൊണ്ടുള്ള കെട്ടും ഇടിഞ്ഞു തകർന്ന നിലയിലാണ്. ഈ വീടുകളിലേക്ക് വാഹനങ്ങൾ എത്താറില്ല. ദിവസങ്ങൾക്ക് മുമ്പ് ഒരു മുതിർന്ന പൗരനെ സ്‌ട്രെച്ചറിൽ ഉയർത്തി എടുത്താണ് ആംബുലൻസിൽ എത്തിച്ചത്.
വഴിക്ക് സ്ഥലം വിട്ടു തരാമെന്ന് മെമ്പറോട് ഏറ്റ വ്യക്തി താങ്ങാൻ കഴിയാത്ത തുകയാണ് ആവശ്യപ്പെടുന്നത്. വാഹനം കയറിയില്ലെങ്കിലും അപകട ഭീഷണിയില്ലാതെ നടക്കാൻ നടപ്പാതയെങ്കിലും ശരിയാക്കിയാൽ മതിയായിരുന്നു.
ജെ. ഷാജിമോൻ
പ്രദേശവാസി
മൂന്നു സെന്റിൽ പഞ്ചായത്ത് അനുവദിച്ച വീടുകളാണ്. വഴിക്ക് സ്ഥലം നൽകാൻ ആളുണ്ട്. എന്നാൽ വില നൽകാൻ പഞ്ചായത്തിന് സ്‌കീമില്ല. സ്ഥലം ലഭ്യമായാൽ റോഡ് നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാനാകും.
ടി. ബിജി
ഒമ്പതാം വാർഡ് മെമ്പർ