കൊല്ലം: നഗരത്തിലെ ഒട്ടുമിക്ക ബസ് സ്‌റ്റോപ്പുകളിലെല്ലാം വെയിലും മഴയുമേറ്റ് യാത്രക്കാർ വലഞ്ഞിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമ്മിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. നഗരഹൃദയത്തിലെ കോൺവെന്റ് ജംഗ്ഷനിൽ ചിന്നക്കട, കൊട്ടിയം, ആശ്രാമം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തിയിരുന്ന കാത്തിരിപ്പ് കേന്ദ്രം വർഷങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കിയിരുന്നു. മേൽപ്പാലത്തിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് പുനർ നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.
ജില്ലാ ആശുപത്രിയിലും മറ്റുമെത്തുന്ന നൂറുകണക്കിന് യാത്രക്കാരാണ് മേൽപ്പാലത്തോടു ചേർന്നുള്ള ബസ് സ്റ്റോപ്പിൽ പ്രതിദിനം കാത്തു നിൽക്കുന്നത്. വെയിലിന്റെ കാഠിന്യം വർദ്ധിക്കുമ്പോൾ മേൽപ്പാലത്തിന്റെ അടിയിലേക്ക് കയറി നിന്നാണ് രക്ഷപ്പെടുന്നത്. ഇരിപ്പിടങ്ങൾ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ മേൽപ്പാലത്തിന്റെ അടിയിലും നിൽക്കാനാകാത്ത അവസ്ഥയാകും. ബസ് കാത്തുനിൽക്കുന്നവർ ഇതോടെ ഫുട്പാത്തിലുൾപ്പെടെ നിറയും. വിദ്യാർത്ഥികളും വൃദ്ധരുമുൾപ്പെടെയുള്ളവർ കോൺവെന്റ് ജംഗ്ഷനിൽ വല്ലാതെ ബുദ്ധിമുട്ടുകയാണ്. യാത്രക്കാർ നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമായിട്ടില്ല.
സാമൂഹിക വിരുദ്ധ ശല്യവും
സന്ധ്യ മയങ്ങിയാൽ കോൺവെന്റ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പുകൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. കാത്തിരിപ്പ്‌കേന്ദ്രം ഇല്ലാത്തതും തെരുവ് വിളക്കുകൾ തെളിയാത്തതുമാണ് ഇത്തരക്കാാർക്ക് തുണയാകുന്നത്. രാത്രിയായാൽ ഇവിടെ ബസ് കാത്ത് നിൽക്കുന്നവരെ ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ഏക ആശ്രയം. തെരുവുനായ്ക്കളുടെ ശല്യവും അസഹനീയം. എത്രയും വേഗം കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് ആവശ്യം.