ഓടനാവട്ടം : പള്ളിമുക്ക് , ചൂലായ് റോഡിൽ നാഗരുകാവ് ,വിളയിൽ ഭാഗത്ത് വെള്ളക്കെട്ടും യാത്രാ ദുരിതവും. കാലങ്ങളായിട്ടുള്ള ഈ ദുരവസ്ഥയ്ക്ക് യാതൊരു പരിഹാരമാർഗവും ഇതുവരെ ഉണ്ടായിട്ടില്ല. യാത്രക്കാരും പ്രദേശവാസികളും പരാതി പറഞ്ഞ് മടുത്തതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല. ധാരാളം വാഹനങ്ങളും കാൽനടക്കാരും കടന്നു പോകേണ്ട ഇവിടം അപകടമേഖലയായി മാറിയിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടിനടിയിൽ ഇളകിയ പാറക്കഷണങ്ങളും കുഴികളുമാണ്. എല്ലാവർഷവും മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് പതിവാണ്. ശാശ്വതമായി പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
വിദ്യാർത്ഥികളും കർഷകരും വലയുന്നു
കാൽനടയായി വരുന്ന വിദ്യാർത്ഥികളാണ് ഇതുവഴിയുള്ള യാത്രാദുരിതം ഏറെ അനുഭവിക്കുന്നത്.
വെള്ളക്കെട്ടിന് ഇരുവശങ്ങളിലും ക്ഷീര കർഷകർ ഉൾപ്പടെ മറ്റ് കാർഷിക മേഖലകളിൽ പെട്ടവരാണ് താമസം . വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിക്കുന്ന മലിന ജലംവീടുകളിൽ പതിയുന്നെന്ന പരാതിയുമുണ്ട്. മഴ കനത്താൽ റോഡിലെ മലിന ജലം കവിഞ്ഞൊഴുകി പറമ്പുകളിലേയ്ക്കും വീടിന്റെ മുറ്റങ്ങളിലേയ്ക്കും എത്തും. പഞ്ചായത്ത് അധികൃതരോട് വെള്ളക്കെട്ടൊഴിവാക്കാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഓട ഇല്ലാത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണം. ഇരുചക്രവാഹനങ്ങൾ മിക്കപ്പോഴും
അപകടത്തിൽപ്പെടുകയാണ്. വാർഡ്മെമ്പർ ഉൾപ്പടെയുള്ള പഞ്ചായത്ത് അധികൃതർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറാകണം.
വാർഡ് കമ്മിറ്റി അംഗങ്ങൾ
ആർ.എസ്.പി, കട്ടയിൽ
വെള്ളക്കെട്ട് വളരെ ബുദ്ധിമുട്ടിക്കുകയാണ്. കൊതുകിന്റെ
ശല്യത്തിന് പുറമേ മലിന ജലം തെറിച്ചു വീഴുന്നതും വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. റോഡിലൂടെ നടന്നുപോകാൻ പറ്റാത്തതുകൊണ്ട് പുരയിടത്തിൽ ഇറങ്ങിയാണ് യാത്രക്കാർ പലപ്പോഴും പോകുന്നത്. എത്രയും പെട്ടന്ന് ഈ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണം.
പ്രദേശ വാസികൾ