കണ്ണനല്ലൂർ: കുരീപ്പള്ളിയിൽ മൊബൈൽ കമ്പനി ഉപേക്ഷിച്ചു പോയ ടവർ, ഇടിമിന്നലുണ്ടാകുമ്പോൾ പ്രദേശവാസികൾക്കു ഭീഷണിയാവുന്നു. 15 വർഷം മുമ്പാണ് തമിഴ്‌നാട് കേന്ദ്രമായ കമ്പനി ഭൂവുടമയുമായി കരാറുണ്ടാക്കി ടവർ സ്ഥാപിച്ചത്. എന്നാൽ വാടക മുടങ്ങിയത് കരാൽ ലംഘനമായി. കമ്പനിയുമായി ഭൂവുടമ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ, കരാറുണ്ടാക്കിയവർ ഭൂവുടമ അറിയാതെ മറ്റൊരു സേവനദാതാവിനു ടവർ കൈമാറാൻ ശ്രമിച്ചു. ഇതിനെ എതിർത്തതോടെ മൊബൈൽ കമ്പനി നിയമ നടപടിയിലേക്ക് നീങ്ങിയെങ്കിലും പിന്നീട് കേസ് വഴിയിൽ ഉപേക്ഷിച്ചു. വാടക മുടങ്ങിയതിന് പിന്നാലെ കെ.എസ്.ഇ.ബി ബില്ലും കുടിശ്ശികയായതോടെ കണകഷൻ വിച്ഛേദിക്കപ്പെട്ടു. എങ്കിലും ഇടിമിന്നലുണ്ടാകുമ്പോൾ കൂറ്റൻ ലോഹ ടവറിലേക്ക് വൈദ്യുതി പ്രവഹിച്ച് പ്രദേശത്തെ വീടുകളിലെ ഉപകരണങ്ങളും വൈദ്യുതീകരണവും ഇതിനോടകം പല തവണ നശിച്ചു. അടുത്തിടെ ലക്ഷങ്ങൾ മുടക്കിയാണ് തൊട്ടടുത്ത വീട്ടിൽ റീ വയറിംഗ് നടത്തിയത്. ഉപയോഗശൂന്യമായ ടവറിനുള്ളിലൂടെ വൃക്ഷങ്ങൾ വളരുന്നുണ്ട്.
മൊബൈൽ കമ്പനി അടച്ചു പൂട്ടിയതോടെ ടവർ ഇളക്കി മാറ്റാൻ ആരെ സമീപിക്കണമെന്ന ആശങ്കയിലാണ് വീട്ടുകാർ.