കൊല്ലം: രാഷ്ട്രീയ-സാമുദായിക സങ്കുചിത ചിന്താഗതികൾക്കതീതമായി എഴുത്തുകാർ മാനവികതയുടെ വക്താക്കളായി തീരണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ചവറ മോഹൻദാസ് രചിച്ച 'താരകപ്പൂക്കൾ' എന്ന കവിതാസമാഹാരവും "വസന്തകാല സൂര്യൻ' എന്ന കഥാസമാഹാരവും കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്രു കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ എ.റഹിംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സി.അനിത ശങ്കർ, കെ.ഡി.പി കൺവീനർ സലിം ബംഗ്ലാവിൽ എന്നിവർ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. ഡോ.വെള്ളിമൺ നെൽസൺ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കെ.ജി.രവി, ഡോ.പ്രെട്രീഷ്യാ ജോൺ, എം.എച്ച്. ഷാനവാസ്ഖാൻ, കൊല്ലം ശേഖർ, രാമാനുജം തമ്പി, ചവറ ബെഞ്ചമിൻ, കുരീപ്പുഴ സിറിൾ, ഹിലാരി അഗസ്റ്റ്യൻ, അമ്പലപ്പുറം രാമചന്ദ്രൻ, എം.കെ കരിക്കോട്, കുടിക്കോടു വിശ്വൻ, കൊല്ലം ലൂസി, അശ്വതി അജി എന്നിവർ സംസാരിച്ചു. ആറ്റുവാശ്ശേരി സുകുമാരപിള്ള, മയ്യനാട് അജയകുമാർ എന്നിവർ പുസ്‌തക പരിചയം നടത്തി. കവയിത്രി സി.എസ്.ഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ കവിയരങ്ങ് കവി എസ്.അരുണഗിരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകർത്താവ് ചവറ മോഹൻദാസ് നന്ദി പറഞ്ഞു.