
കൊല്ലം: പതിമൂന്ന് വയസുകാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി ആയണിവേൽക്കുളങ്ങര കോഴിക്കോട് ചാലിൽ തെക്കതിൽ ജലാലുദ്ദീൻകുഞ്ഞാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ സംരക്ഷണ ചുമതല ജലാലുദ്ദീൻകുഞ്ഞിനാണ്. ഇയാൾ പറഞ്ഞ കാര്യങ്ങൾ കുട്ടി അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.
കേബിൾ വയറിന് തോളിലും പുറത്തും അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായിൽ തേർത്ത് തിരുകിയ ശേഷം ചങ്ങലകൊണ്ട് കൈ ജനൽകമ്പിയിൽ കെട്ടുകയും കേബിൾ വയർ കൊണ്ട് മരാകമായി അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിജു, ഷാജിമോൻ, റഹീം, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.