andriya

കൊട്ടാരക്കര: അമ്മ ഓടിച്ച കാർ തലകീഴായി മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസിന്റെ മകൾ ആൻഡ്രിയയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2ന് വാളകം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു അപകടം.
ആൻഡ്രിയയുടെ അമ്മ ബിസ്മിയാണ് (39) കാർ ഓടിച്ചിരുന്നത്. ഇവരെ കൂടാതെ ബിസ്മിയുടെ ഭർത്തൃമാതാവ് ശോശമ്മയും (76) വാഹനത്തിലുണ്ടായിരുന്നു. ശോശമ്മയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങും വഴിയാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ കടയുടെ പടികളിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ സാഹസികമായാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്ര ആൻഡ്രിയയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശോശാമ്മയ്ക്ക് നിസാരമായ പരിക്കേറ്റു. ബിസ്മി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ആൻഡ്രിയ പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ആൻഡ്രിറ്റ, ആൻസൺ.