 
കൊല്ലം: തൃക്കരുവ ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രധാന പാതയായ മഞ്ചാടിമുക്ക്- വയലിക്കട മുക്ക് റോഡിലെ ദുരിതയാത്രയ്ക്ക് ഉടൻ പരിഹാരമാകും. റീ ടാറിംഗ് അടുത്ത ആഴ്ച തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണ് പണി നീണ്ടുപോയതെന്നു വടക്കേക്കര വാർഡ് മെമ്പർ ദിവ്യ ഷിബു പറഞ്ഞു.
തൃക്കരുവ ഗ്രാമ പഞ്ചായത്തിലേക്ക് എത്താൻ കൂടുതൽ പേരും ഉപയോഗിക്കുന്ന ഈ പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കാൻ തുടങ്ങിയിട്ട് 13 വർഷത്തോളമായി. മഞ്ചാടിമുക്ക് മുതൽ ഏകദേശം 700 മീറ്ററോളമാണ് തകർന്ന് കിടക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ് ഇതുവഴിയുള്ള യാത്ര. ടാറിളകി പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വേനൽകാലത്ത് റോഡിൽ പൊടിശല്യവും രൂക്ഷമാണ്. മഴ പെയ്താൽ നിറയെ ചെളി. ഇതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും. റോഡിനിരുവശത്തും 60 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം പലപ്പോഴും ഓട്ടോറിക്ഷകൾ ഇതുവഴി വരാറില്ല.
അപകടങ്ങളും പതിവ്
സ്‌കൂളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാർത്ഥികൾ വീഴ്ച ഭയന്നാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിൽ ചിന്നിച്ചിതറി കിടക്കുന്ന മെറ്റലുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ഇറക്കമുള്ള പ്രദേശമായതിനാൽ ദുരിതം ഇരട്ടിക്കുന്നു. റോഡ് റീ ടാറിംഗ് നടത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും മാറ്റം കാണുന്നില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം.