കരുനാഗപ്പള്ളി : ഗവ.മോഡൽ സ്കൂളിൽ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.വൃക്ഷത്തൈനടീൽ , പോസ്റ്റർ പ്രദർശനം , സ്കിറ്റ് , പ്രശ്നോത്തരി മത്സരം എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി പ്രവർത്തകനായ സുമൻജിത്ത് മിഷയെ ഡെപ്യുട്ടി എച്ച്.എം ശ്രീലത പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ധ്യാപിക അനീഷ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അദ്ധ്യാപകരായ ബിജു , മുഹമ്മദ് സലീം ഖാൻ എന്നിവർ പരിസ്ഥിതിദിന സന്ദേശം നല്കി. മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷീജ , വീണ , ശ്രീകുമാരി എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച പച്ചത്തുരുത്ത് പരിപാടിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ഫിഷറീസ് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷൻ റജി ഫോട്ടോ പാർക്ക് നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന പരിസ്ഥിതിദിന സന്ദേശം നല്കി. കൗൺസിലർ ബുഷ്റ അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സ്വാഗതം പറഞ്ഞു.ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം സാമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ചിത്രരചനാ മത്സരം, വൃക്ഷത്തൈവിതരണം, കഴിഞ്ഞ വർഷങ്ങളിൽ നട്ട വൃക്ഷങ്ങളുടെ പരിപാലനം എന്നിവ നടത്തി. കന്നേറ്റി സി.എം.എസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഡിവിഷൻ കൗൺസിലർ ബിന്ദു അനിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. .ഈ വർഷത്തെ സ്കൂളിന്റെ പദ്ധതിയായ എന്റെ വീട്ടിലൊരു കൃഷിത്തോട്ടത്തിന് തുടക്കം കുറിച്ചു. കുട്ടികൾക്ക് വിവിധ പച്ചക്കറിയുടെ വിത്ത് അടങ്ങിയ കിറ്റ് ബിന്ദു അനിൽ വിതരണം ചെയ്തു.