 പെർമിറ്റുണ്ടായിട്ടും സ്റ്രാൻഡിലേക്ക് പോകുന്നില്ല

 കാത്തുനിന്ന് വലഞ്ഞ് യാത്രക്കാർ

കൊല്ലം: പെർമിറ്റുണ്ടായിട്ടും ആണ്ടാമുക്കം സ്റ്റാൻഡിലേക്ക് പോകാതെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ സ്ഥിരമായി പറ്റിച്ച് സ്വകാര്യ ബസുകൾ. കുണ്ടറ, കൊട്ടിയം, അയത്തിൽ, ചവറ, ശാസ്താംകോട്ട ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾക്കാണ് ആണ്ടാമുക്കം വരെ പെർമിറ്റുള്ളത്. എന്നാൽ ഭൂരിഭാഗം ബസുകളും ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ പോകാതെ ചിന്നക്കട മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയാണ് പതിവ്. ഇവരിൽ പലരും ഓട്ടോറിക്ഷ പിടിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. ആണ്ടാമുക്കത്ത് നിന്നും ആരംഭിക്കേണ്ട സർവീസുകളും ചിന്നക്കടയിൽ നിന്നുമാണ് ആരംഭിക്കുന്നത്.

ആണ്ടാമുക്കം, മെയിൻ റോഡ്, ചാമക്കട റോഡ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ എത്തുന്നവർക്കും ജോലി ചെയ്യുന്നവർക്കും വലിയ ആശ്രയമാണ് ആണ്ടാമുക്കം ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടേയ്ക്ക് വരാത്തതുകൊണ്ട് യാത്രക്കാരെല്ലാം സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ആണ്ടാമുക്കം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവരും ബസുകൾ വരാത്തതിനാൽ പലപ്പോഴും ഓട്ടോ പിടിച്ച് ചിന്നക്കടയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.

പരാതി നൽകാനൊരുങ്ങി യാത്രക്കാർ

വളരെ ചുരുക്കം സർവീസുകൾ മാത്രമുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കാത്തു നിന്ന് സമയം നഷ്ടമായി പിന്നീട് ചിന്നക്കടയിൽ എത്തുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ് പുറപ്പെട്ടിരിക്കും. ഇതോടെ മണിക്കൂറുകൾ വീണ്ടും കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കൂടുതൽ യാത്രക്കാരുള്ള രാവിലെയും വൈകിട്ടും സ്വകാര്യ ബസുകൾ ആണ്ടാമുക്കത്തേക്ക് തിരിഞ്ഞു നോക്കാറേയില്ല. ഉച്ചയ്ക്ക് വിശ്രമത്തിന് തൊട്ടുമുൻപുള്ള സർവീസുകൾ മാത്രമാണ് ആണ്ടാമുക്കത്തേക്ക് വരുന്നത്. സ്വകാര്യ ബസുകളുടെ പെർമിറ്റ് ലംഘനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് യാത്രക്കാർ.