amal-dev-39

കൊല്ലം: കൊല്ലം ബീച്ചിൽ വ്യാഴാഴ്ച രാത്രി 7ന് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്തലത്താഴം പെരുംകുളം നഗർ 37 ൽ ജെ.കെ ഭവനിൽ അമൽദേവാണ് (32) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം പോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സ്വകാര്യ ആശുപത്രിയിലെ പുരുഷ നഴ്‌സുമാരായ അമൽദേവും സുഹൃത്തും ഒന്നിച്ചാണ് ബീച്ചിലേക്ക് എത്തിയത്. ഒൻപത് മണിവരെ ബീച്ചിൽ ഇരിക്കാനായിരുന്നു എത്തിയത്. ഇതിനിടെ സിഗരറ്റ് വാങ്ങാൻ സുഹൃത്ത് സമീപത്തെ കടയിലേക്ക് പോയി. കടയിലെത്തിയ ശേഷം അമലിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. രണ്ട് തവണയിലേറെ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അമൽ ഇരുന്ന സ്ഥലത്ത് തിരികെ എത്തിയപ്പോഴേക്ക് വൻ ജനക്കൂട്ടത്തെയാണ് കാണുന്നത്. തടിച്ചുകൂടിയ ആളുകളിൽ നിന്നാണ് ഒരാൾ കടലിൽ വീണതായി അറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമലാണ് കടലിൽ പോയതെന്ന് വ്യക്തമായത്. അമൽ ഇരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് അമൽ തിരയിൽപ്പെടുന്നത് കണ്ടത്. തുടർന്ന് കോസ്റ്റൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെയും തെരച്ചിൽ തുടർന്നു. അതിനിടെയാണ് പോർട്ടിനടുത്തായി മൃതദേഹം കണ്ടത്. ഈസ്റ്റ് പൊലീസ് കേസെടുത്തു. മനോഹരൻ, ഗീത എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഡാലിയ. മകൻ: ധ്രുവ്.സഹോദരൻ: അരുൺദേവ്.