കൊല്ലം: നീറ്റ് പരീക്ഷയിൽ നിരവധിപേർക്ക് മുഴുവൻ മാർക്കും ഒന്നാം റാങ്കും ഉയർന്ന മാർക്കും ലഭിച്ചതോടെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൺസുഖ് മണ്ഡാവ്യ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരോട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

എൻ.സി.ഇ.ആർ.ടി സിലബസിൽ വരുത്തിയ അശാസ്ത്രീയ മാറ്റവും ഗ്രേസ് മാർക്ക് അനുവദിച്ചതിലുള്ള പിഴവുമാണ് പ്രതിസന്ധിക്ക് കാരണം. ഒരേ പരീക്ഷാ കേന്ദ്രത്തിലെ നിരവധി പേർക്ക് ഒന്നാം റാങ്കും മുഴുവൻ മാർക്കും ലഭിച്ചത് ദുരൂഹമാണ്. നീറ്റ് പരീക്ഷാ ഫലം അനുസരിച്ചും നിലവിലെ വ്യവസ്ഥകൾ പാലിച്ചും നടപടികൾ പൂർത്തിയാക്കി പ്രവേശനം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതിനാൽ അടിയന്തര പരിഹാരം കാണണമെന്ന് എം.പി ആവശ്യപ്പെട്ടു.