
കൊല്ലം: കൊട്ടിയം എസ്.എൻ പോളിടെക്‌നിക്കിന്റെ ആകാശത്തിലൂടെ ഇപ്പോൾ ഇടയ്ക്കിടെ ഒരു ഡ്രോൺ പറന്നുയരും. വെറും ഡ്രോണല്ല, ഉന്നത നിയന്ത്രണവും നാവിഗേഷനും കരുത്തുറ്റ ഫ്ലൈറ്റ് കോൺട്രോളുമുള്ള മൾട്ടി പർപ്പസ് ഡ്രോൺ.
ഇത് പോളിയിലെ വിദ്യാർത്ഥികൾ കൗതുകത്തിന് പറത്തുന്നതല്ല. എസ്.എൻ പോളിയിലെ മൂന്നാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ വൈഷ്ണവ് വിനോദിന്റെ പരീക്ഷണ വിജയമാണ് ഈ മൾട്ടി പർപ്പസ് ഡ്രോൺ. 1.2 കിലോയാണ് ഡ്രോണിന്റെ ആകെ ഭാരമെങ്കിലും 3 കിലോ വരെ ഭാരമുള്ള സാധനങ്ങൾ വഹിക്കാൻ കഴിയും. അതുകൊണ്ട് തോട്ടങ്ങളിൽ കീടനാശിനി തളിക്കാനും ഉപയോഗിക്കാം. ഇതേ മാതൃകയിലുള്ള മറ്റ് ഡ്രോണുകൾക്ക് 5-12 മിനിറ്റ് വരെ മാത്രം പറക്കൽ സമയം ലഭിക്കുമ്പോൾ ഒന്നര മണിക്കൂർ ചാർജ് ചെയ്താൽ 17-20 മിനിട്ടുവരെ പറക്കാനുള്ള ശേഷിയുണ്ട്.
നാന്നൂറിൽപ്പരം തവണ ചാർജ് ചെയ്യാൻ സാധിക്കുന്ന ലിഥിയം പോളിമർ, ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നതിനാൽ മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാം പ്രകാരം പറക്കാനും തിരികെയിറങ്ങാനും ഡ്രോണിന് കഴിയും. പറക്കേണ്ട സമയം, വഴി, വേഗത തുടങ്ങിയവ നിയന്ത്രിക്കാം.
സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഭാഗമായുള്ള ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ക്ലബിന്റെയും നേതൃത്വത്തിലാണ് വൈഷ്ണവ് വിനോദിന്റെ പരീക്ഷണങ്ങൾ. അതിദീർഘദൂര ആർ.സി വിമാനം, ഫിക്സഡ് വിങ്ങുകൾ എന്നിവയുടെ പരിധി വർദ്ധിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യകൾ, സൈനിക ഉപയോഗം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുകയാണ് കുണ്ടറ കാഞ്ഞിരകോട് മംഗലശേരി വീട്ടിൽ വി.വിനോദ് - സിനി വിനോദ് ദമ്പതികളുടെ മകനായ വൈഷ്ണവ്. ഗൈഡായ സനിൽ കുമാറും വകുപ്പ് മേധാവി വിനോദ് കുമാറും കോളേജ് പ്രിൻസിപ്പൽ വി.സന്ദീപും അദ്ധ്യാപകനായ എസ്.അനീഷും പൂർണപിന്തുണയും നിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. ഡ്രോണിൽ പുതിയ നിയന്ത്രണ സംവിധാനം വികസിപ്പിക്കുക, ഈ സാങ്കേതിക വിദ്യയെ സ്റ്റാർട്ടപ്പാക്കി മാറ്റുക എന്നതാണ് വൈഷ്ണവിന്റെ സ്വപ്നം.