കൊല്ലം: ഇഴഞ്ഞു നീങ്ങുന്ന കണ്ണനല്ലൂർ വികസന പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂണിറ്റ് കളക്ടർക്ക് നിവേദനം നൽകി.

കഴിഞ്ഞ സർക്കാരി​ന്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ രേഖകൾ കഴിഞ്ഞ ഡിസംബറിൽ ഭൂവുടമകളിൽ നിന്ന് റവന്യു വകുപ്പ് വാങ്ങിയിരുന്നു. എന്നാൽ തുടർനടപടി സംബന്ധിച്ചോ കെട്ടിടം പൂർണ്ണമായി നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസം, ഏറ്റെടുക്കുന്ന ഭൂമിയുടെ വില ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളിലോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പദ്ധതി നീണ്ടുപോകുന്നത് ഭൂവുടമകൾക്കും വ്യാപാരികൾക്കും ബുദ്ധി​മുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിവേദനം. ഏറ്റെടുക്കുന്ന ഭൂമി കുറവ് ചെയ്ത് എത്രയും വേഗം രേഖകൾ ഭൂവുടമകൾക്ക് മടക്കി നൽകുക, ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില ലഭ്യമാക്കുക, സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കണ്ണനല്ലൂർ ജംഗ്‌ഷന്റെ വികസനം അടിയന്തിരമായി യാഥാർതഥ്യമാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. പ്രസി​ഡന്റ് നവാസ് പുത്തൻവീട്, ജനറൽ സെക്രട്ടറി​ ഷംലാൽ കന്നിമേൽ, ട്രഷറർ ഇ.കെ. സിറാജ്, സെക്രട്ടറി​ മോഡേൺ നുജൂം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.