pp

കുണ്ടറ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാന് നാടിന്റെ യാത്രാമൊഴി. ഇളമ്പള്ളൂർ കോവിൽമുക്ക് ഗിരീഷ് ഭവനത്തിൽ നിത്യാനന്ദൻ പിള്ള - ഗിരിജാ ദേവി ഭമ്പതികളുടെ മകൻ ഗിരീഷ് കുമാറാണ് (40) മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ബിഡ് ജില്ലയിലായിരുന്നു അപകടം. ചത്തീസ്ഗഡിൽ നിന്ന് തിരഞ്ഞെടുപ്പ് ജോലിക്ക് മഹാരാഷ്ട്രയിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. യാത്രയ്ക്കിടയിൽ വിശ്രമത്തിനായി റോഡിലേയ്ക്കിറങ്ങിയതായിരുന്നു ഗിരീഷും സംഘവും. ഈ സമയം നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ഒരു വാഹനത്തിൽ ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ മുന്നിലേക്ക് നീങ്ങുകയും സ്കോർപ്പിയോയ്ക്ക് മുന്നിൽ നിന്ന ഗിരീഷ് അടങ്ങുന്ന സംഘം മുന്നിലെ വാഹനത്തിന്റെ ഇടയിൽ ഞെരിഞ്ഞ് അമരുകയുമായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ കുണ്ടറയിൽ കൊണ്ടുവന്ന മൃതദേഹം പൊലീസിന്റെയും പട്ടാളത്തിന്റെയും അകമ്പടിയോടെ ഇളമ്പള്ളൂർ സ്കൂളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് കോവിൽ മുക്കിലെ ഭവനത്തിൽ എത്തിച്ച് വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ഭാര്യ: സൗമ്യ മോൾ. മക്കൾ: ഗോകുൽ, ഗിരിനന്ദ.