
കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ എഴുകോണിനടുത്ത് അമ്പലത്തുംകാലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് വന്ന തെങ്കാശി ഫാസ്റ്റ് പാസഞ്ചളും കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് പോയ ഓർഡിനറിയുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൊല്ലം സ്വദേശി പഴനി (34), ഉറുകുന്ന് സ്വദേശിനി നിഷ (43), പുനലൂർ സ്വദേശിനി അംബിക, കുന്നിക്കോട് സ്വദേശിനി സാൻഡ്ര (24), കൊട്ടാരക്കര സ്വദേശിനി ദീപ (44), കുണ്ടറ സ്വദേശിനി ശശികല (48), കൊട്ടാരക്കര സ്വദേശിനി പാരിജൻ ബേബി (62), വെളിയം കോളനി സ്വദേശിനി സാവിത്രി, നെടുമൺകാവ് സ്വദേശി വൈഷ്ണവ് രാജ് (23), മാതാവ് രേഖ (54), നീലേശ്വരം സ്വദേശിനി നേഹ (17) എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റൊരു വാഹനത്തെ മറികടക്കാനൊരുങ്ങവെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഓർഡിനറി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.