കൊട്ടാരക്കര: മഴ കനത്തു, കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ദുരിതമേറി. കാലപ്പഴക്കത്തിന്റെ ജീർണാവസ്ഥയിലുള്ള വെയിറ്റിംഗ് ഷെഡ് തകർന്ന് വീഴുമോയെന്ന ഭീതിയിലാണ് യാത്രക്കാർ. പ്രവേശന കവാടത്തോട് ചേർന്ന ഓട നവീകരണത്തിനായി പൊളിച്ചതടക്കം ഏറെക്കാലമായി ദുരിതം വിതയ്ക്കുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. നൂറുകണക്കിന് സ്വകാര്യ ബസുകൾ ദിവസവും വന്നുപോകുന്ന സ്റ്റാൻഡിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. ബസ് സ്റ്റാൻഡിന്റെ ഹൈടെക് വികസന പദ്ധതികളെല്ലാം ഉപേക്ഷിച്ച മട്ടാണ്.
പ്രഹസനമായി മന്ത്രിയുടെ ഉദ്ഘാടനം
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിൽ എം.സി റോഡിന്റെ അരികിലായാണ് ബസ് സ്റ്റാൻഡ് .പതിറ്റാണ്ടുകളായി ദുരിതാവസ്ഥയിലായ ബസ് സ്റ്റാൻഡിന് ഹൈടെക് വികസന പദ്ധതികളാണ് വിഭാവനം ചെയ്തത്. ആദ്യഘട്ട നിർമ്മാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2022 മാർച്ച് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും അതെല്ലാം പ്രഹസനമായി മാറുകയായിരുന്നു. നിലവിലുള്ള നഗരസഭ ചെയർമാന്റെ കാലാവധി മാസങ്ങൾക്കകം അവസാനിക്കും. അതിന് മുൻപായി നിർമ്മാണം തുടങ്ങിവയ്ക്കാൻ ആലോചിച്ചിട്ടും സാങ്കേതിക തടസങ്ങൾ നിലനിൽക്കുകയാണ്.
പദ്ധതിയിൽഹൈടെക് വികസനം
അത്യാധുനിക സംവിധാനങ്ങളോടെ ബസ് സ്റ്റാൻഡ് വികസനം യാഥാർത്ഥ്യമാക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ബസ് പാർക്കിംഗിന് വേണ്ടുവോളം സ്ഥലം ക്രമീകരിക്കാനും കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാനുമാണ് പദ്ധതിയിട്ടത്. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം എന്നിവയൊക്കെ പദ്ധതിയിലുണ്ട്.
ആദ്യഘട്ട നിർമ്മാണത്തിന് 75 ലക്ഷം