
കൊല്ലം: ഭർത്താക്കൻമാർ മരണപ്പെട്ടതോടെ അനാഥരായ രണ്ട് അമ്മമാരെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു. വക്കം സ്വദേശി സുദർശനയെയും (64) പരവൂർ തെക്കുംഭാഗം മാനഴികം വീട്ടിൽ മറിയം ബീവിയെയുമാണ് ഏറ്റെടുത്തത്.
പെൺമക്കൾ ഉപേക്ഷിച്ച വക്കം സ്വദേശി സുദർശനയെ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലിജയും കടയ്ക്കാവൂർ പൊലീസ് സബ് ഇൻസ്പെക്ടറുമാണ് സ്നേഹാശ്രമം സ്വീകരിക്കണമെന്നാവശ്യപ്പെട്ടത്. നിയമപാലകരും ജനപ്രതിനിധികളും ജാഗ്രതാ സമിതിയും ആവശ്യപ്പെട്ടിട്ടും അമ്മയെ സംരക്ഷിക്കാൻ രണ്ട് മക്കളും തയ്യാറല്ലായിരുന്നു. പരവൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെ.ഷെരീഫിന്റെ അപേക്ഷ പ്രകാരമാണ് മറിയം ബീവിയെ സ്നേഹാശ്രമം സ്വീകരിച്ചത്. മക്കളില്ലാത്ത രോഗിയായ ഇവരെ സംരക്ഷിക്കാനും ആരും ഉണ്ടായിരുന്നില്ല.
പരവൂർ ഷെരീഫ്, വക്കം ഗ്രാമപഞ്ചായത്ത് അംഗം നിഷാബേബി, വക്കംഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കൺവീനർ സന്ധ്യ എന്നിവർ അമ്മമാരെ സ്നേഹാശ്രമത്തിലെത്തിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന്റെ നേതൃത്വത്തിൽ അമ്മമാരെ സ്വീകരിച്ചു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ ആലപ്പാട്ട്ശശിധരൻ, എം.കബീർ, മാനേജർ പത്മജാദത്ത എന്നിവർ പങ്കെടുത്തു.