rode-
സർവ്വീസ് റോഡിൻേയും ഓടയുടേയും നിർമ്മാണം അശാസ്ത്രീയം.

കൊല്ലം: ദേശീയപാതയിൽ പാലത്തറ ബൈപ്പാസ് ഭാഗത്ത്, മെഡിസിറ്റിയിൽ നിന്നാരംഭിക്കുന്ന മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡിന്റെയും ഓടയുടെയും അശാസ്ത്രീയ നിർമ്മാണം നിമിത്തം റോഡ് വെള്ളത്തിലായി. ഓടയ്ക്ക് വേണ്ടി എടുത്ത കുഴി​കൾ പണി​ പൂർത്തി​യായി​ട്ടും മണ്ണിട്ട് മൂടാ​ത്ത​തി​നാൽ മലി​ന​ജലം കെട്ടിനിന്ന് ചുറ്റു​വ​ട്ടത്തെ കിണ​റു​ക​ളിലെ വെള്ളം ഉപ​യോ​ഗ​ശൂ​ന്യമാവുകയും ചെയ്തു.

​തട്ടാമല, പറയാറ്റിൻകുഴി ജംഗ്ഷനുകളിൽ നിന്നും ബൈപ്പാസിൽ വന്നു ചേരുന്ന റോഡുകളിൽ നിന്നും അര മീറ്ററോളം താഴെയായി നിർമ്മിച്ച ഓടയുടെ അതേ നിരപ്പിൽ നിർമ്മിച്ച സർവീസ് റോഡിലേക്ക് ഇടറോഡിലൂടെ ഒഴുകി വരുന്ന വെള്ളമാണ് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാക്കുന്നത്. സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രികരും ആശ്രിയുന്ന റോഡിനാണ് ഈ ദുർഗ്ഗതി. പാലത്തറ ഭഗവതി ക്ഷേത്രത്തിലെ സർപ്പക്കാവിൽ വെള്ളം കയറിയത് ഭക്തജനങ്ങളെ ബുദ്ധിമുട്ടിലാക്കി. എൻ.എസ് ആശുപത്രി, മെഡിസിറ്റി, ശ്രീനാരായണ പബ്ലിക് സ്കൂൾ, പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എന്നിവിടങ്ങളിലേക്കുള്ള യാത്രയും ദുഷ്കരമായി.

നടപടി വേണം

റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഇര​വി​പുരം നിയോ​ജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.രാജേന്ദ്രൻ പിള്ള, സെക്രട്ടറി എം. അബ്ദുൽ സലാം, സെക്രട്ടേറിയറ്റ് അംഗം എം. സുജയ്, സംസ്ഥാന കമ്മിറ്റി അംഗം ബി.സതീശൻ, ജില്ലാ ഭാരവാഹികളായ, ജെ. ബെൻസി, ബി.ജി പിള്ള, എൻ.പൊന്നപ്പൻ എന്നിവർ സംസാരിച്ചു.