എഴുകോൺ : പുലിയെ കണ്ടെന്ന അഭ്യൂഹം ഗ്രാമവാസികളിൽ ആശങ്ക ഉണർത്തി.
നെടുമൺകാവ് ഉളകോട് ഗ്രാമവാസികളാണ് വെള്ളിയാഴ്ച രാത്രി പുലിപ്പേടിയിൽ ഉറക്കമൊഴിച്ചത്. രാത്രി ഒൻപതോടെ നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപത്ത് പുലിയുമായി സാദൃശ്യമുള്ള ജീവിയെ കണ്ടതായാണ് അഭ്യൂഹം പരന്നത്. കോരിച്ചൊരിയുന്ന മഴയത്ത് നായകൾ ഭയന്ന് കുരയ്ക്കുന്നത് കണ്ട് ശ്രദ്ധിച്ച ചായക്കട വ്യാപാരിയായ റാഷിദും ഉമ്മയുമാണ് ജീവിയെ കണ്ടത്. തൊട്ടടുത്തുള്ള ആറ്റുവാരത്തേക്കാണ് ജീവി പോയതെന്നും ഇയാൾ പറഞ്ഞതോടെ മറ്റ് ചിലരും സമാന സംശയം പറഞ്ഞു.
പുലിക്കഥ വൈറലായി
പുലിയെ കണ്ടെന്നു പറഞ്ഞ ഭാഗങ്ങളിൽ ഒരു ജീവിയുടെ കാൽപ്പാടുകൾ കൂടി കണ്ടതോടെ അഭ്യൂഹം ശക്തമായി. സമീപത്തെ ആളൊഴിഞ്ഞ ഏക്കറ് കണക്കിന് ക്വാറി പ്രദേശത്തെയും ജല സമൃദ്ധമായ ആറിന്റെ സാന്നിദ്ധ്യത്തെയും ചേർത്ത് ചിലർ പുലിക്കഥകൾ കൂടി മെനഞ്ഞതോടെ നാട്ടുകാരിൽ പുലിപ്പേടി കലശലായി. പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും വിവരം അറിയിച്ചു.
എഴുകോൺ, പൂയപ്പള്ളി പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തെരച്ചിലും തുടങ്ങി. തെരച്ചിൽ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ പുലിക്കഥ ദേശാതിർത്തികളും കടന്നു.
രാത്രി പത്തോടെ അഞ്ചലിൽ നിന്ന് ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി. ശ്രീകുമാർ, ഫോറസ്റ്റ് വാച്ചർ ബാഹുലേയൻ, ആർ.ആർ.ടി അസിസ്റ്റന്റുമാരായ ബാവൻ, സുനിൽ എന്നിവരടങ്ങിയ സംഘം പുലർച്ചെ രണ്ടുവരെ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതൊന്നും കണ്ടെത്താനായില്ല. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതിന് സമാനമാണെന്നും കണ്ടെത്തി. ഇതോടെ പുലിയുടെ സാന്നിദ്ധ്യമെന്നത് വെറും അഭ്യൂഹമാണെന്നും ഉറപ്പിച്ചു. കണ്ടെത്തൽ താത്കാലിക ആശ്വാസമായെങ്കിലും പ്രദേശവാസികൾക്ക് പൂർണമായും പുലിപ്പേടി മാറിയിട്ടില്ല.
പുലി നടന്നയിടങ്ങളിൽ ആഴത്തിൽ മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ ഉണ്ടാകും. വളർത്തു നായ്ക്കളടക്കം ഭയന്ന് പലായനം ചെയ്യുന്ന നിലയും ഉണ്ടാകും.
ജി. ശ്രീകുമാർ
ബീറ്റ് ഫോറസ്റ്റ് ഓഫീസർ