photo
മാസങ്ങൾക്ക് മുമ്പ് ടെണ്ടർ ചെയ്ത് എഗ്രിമെന്റ് വെച്ചിട്ടും പണി ആരംഭിക്കാത്ത ഗ്രാമീണ റോഡ്

കരുനാഗപ്പള്ളി: നഗരസഭ കഴിഞ്ഞവർഷം ഏറ്റെടുത്തതും നേരത്തേ ഡി.പി.സിയുടെ അംഗീകാരം ലഭിച്ചതുമായ മിക്ക മരാമത്ത് പണികളും ഇഴഞ്ഞ് നീങ്ങുന്നു. അത് നാട്ടുകാർക്ക് വിനയാകുന്നു. ടെണ്ടർ ചെയ്ത് എഗ്രിമെന്റ് വെച്ച പല മരാമത്തു പണികളും ഇനിയും തുടങ്ങിയിട്ടില്ല. തുടങ്ങിയ പല പണികളും ഇഴഞ്ഞാണ് മുന്നോട്ട് പോകുന്നത്. നേരത്തെ തുടങ്ങി പാതി വഴിക്കായ പണികൾ എന്ന് തീരുമെന്നു പോലും പറയാൻ ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് കഴിയുന്നില്ല. റോഡ് ഉൾപ്പെടെയുള്ള പണികൾ ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയതോടെ നാട്ടുകാരുടെ സഞ്ചാരവും അവതാളത്തിലായി.

കോടികളുടെ നഷ്ടം

കുഴിച്ചും തുരന്നും വാനം തോണ്ടിയും മിക്ക റോഡുകളും കുളമായി കിടക്കുകയാണ്. മഴ വന്നതോടെ ജനങ്ങൾ നരകയാതന അനുഭവിക്കുന്നു. പദ്ധതികൾക്ക് അംഗീകാരം എല്ലാ ഡിവിഷനുകളിലും ഒരു പോലെയാണ് ലഭിച്ചത്. എന്നാൽ ചില ഡിവിഷനുകളിൽ മരാമത്ത് പണികൾ പൂർത്തിയായെങ്കിലും ഭൂരി പക്ഷം ഡിവിഷനുകളും പണികൾ എങ്ങും എത്തിയിട്ടില്ല. ചില ഡിവിഷനുകളിൽ പദ്ധതികൾ ആരംഭിച്ചിട്ടു പോലും ഇല്ല. ചിലയിടത്ത് മരാമത്ത് പണികൾ പൂർത്തീകരിക്കുന്നതിലും തുടങ്ങുന്നതിലും ബന്ധപ്പെട്ടവർ കാണിക്കുന്ന കെടുകാര്യസ്ഥയാണ് ഇതിന് കാരണമെന്ന് പരാതി ഉയർന്നു. കഴിഞ്ഞ വർഷം ഏറ്റെടുത്ത് സമയത്തിന് പൂർത്തിയാക്കാത്ത കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ പണം നഗരസഭയ്ക്ക് നഷ്ടമാകും. ഈ വർഷത്തെ വിഹിതത്തിൽ നിന്നു വേണം ഇനി കഴിഞ്ഞ വർഷം പൂർത്തീകരിക്കാത്ത പദ്ധതികൾക്ക് തുക നൽകാൻ. ഇതു കാരണം, നടപ്പ് സാമ്പത്തിക വർഷം പുതിയ പ്രവൃത്തികൾ ഏറ്റെടുത്താലും തുക നൽകാൻ പണമില്ലാത്ത സ്ഥിതിയിലേക്ക് നഗരസഭ വഴുതി വീഴും.

ചെലവഴിക്കാതെ ലക്ഷങ്ങൾ

ശുചിത്വത്തിനും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ വകയിരുത്തിയ പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വകയിരുത്തിയ ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ചിട്ടില്ല. അത് കാരണം രാത്രിയുടെ മറവിൽ പൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവാണ്. കഴിഞ്ഞ വർഷത്തെ പദ്ധതി അംഗീകാരത്തിന് ശേഷം 6 മാസത്തിലധികം സമയം ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പദ്ധതികൾ സമയബന്ധിതമായി ആരംഭിച്ച് പൂർത്തീകരിക്കുന്നതിൽ നഗരസഭ തികഞ്ഞ അനാസ്ഥയാണ് കാട്ടിയിട്ടുള്ളതെന്നാണ് നാട്ടുകാരുടെ പരാതി.