കരുനാഗപ്പള്ളി: ദേശീയപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയകാവിൽ അണ്ടർ പാസേജ് പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ താത്കാലിക ട്രാഫിക് സംവിധാനത്തിന്റെ അശാസ്ത്രീയത പരിഹരിച്ച് വാഹന ഗതാഗത തടസം പരിഹരിക്കണമെന്ന് കെ.എസ് പുരം പൗരസമിതി ആവശ്യപ്പെട്ടു. നാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ ദിശ തിരിച്ചുവിടാനുള്ള യാതൊരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ആംബുലൻസുകൾക്ക് പോലും മുന്നോട്ടു പോകാൻ കഴിയാത്ത രീതിയിലുള്ള ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ചിറ്റുമൂല റെയിൽവേ ഗേറ്റ് തുറക്കുന്നതോടെ നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്കായി മാറുകയാണ് ഇവിടം. ട്രാഫിക് പൊലീസിനെ നിയോഗിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്. പുരം സുധീർ അദ്ധ്യക്ഷനായി.