അഞ്ചാലുംമൂട്: സ്കൂളുകൾ തുറന്നതോടെ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കിലാണ് അഞ്ചാലുംമൂട് ജംഗ്ഷൻ. വീതികുറഞ്ഞ റോഡിൽ ഈ സമയം അപകട ഭീതിയും പതിൻമടങ്ങാണ്.
ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡിനെ അഞ്ചാലുംമൂട് പൊലീസ് നിയമിച്ചിട്ടുണ്ടെങ്കിലും നാല് ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാരണം ഇദ്ദേഹം പലപ്പോഴും നിസഹായനാണ്. രണ്ട് ബസുകൾ നിറുത്തിയിട്ടാൽപ്പോലും ഇവിടം കനത്ത ഗതാഗതക്കുരുക്കിലമരും. പലപ്പോഴും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ് കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ അഞ്ചാലുംമൂട് പൊലീസ് കൊല്ലത്തേക്കുള്ള ബസ് സ്‌റ്റോപ്പിന് സമീപം വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നതും കുപ്പിക്കഴുത്ത് വീതിയിലുള്ള ജംഗ്ഷനെ കുരുക്കിലാക്കും.
സ്കൂൾ സമയങ്ങളിൽ കുട്ടികളെ റോഡ് കടത്തി വിടുന്നതിന് വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം. നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.
എവിടെ, സീബ്രയെവിടെ?
അഞ്ചാലുംമൂട് ഗവ.എൽ.പി സ്‌കൂൾ, ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, ട്യൂഷൻ സെന്ററുകളിലെ വിദ്യാർത്ഥികൾ എന്നിവരാണ് കൂടുതലും അഞ്ചാലുംമൂട് ജംഗ്ഷനെ ആശ്രയിക്കുന്നത്. വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈൻ ഇല്ല. തൃക്കടവൂർ വില്ലേജ് ഓഫീസിലേക്കും വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്കും വരുന്നവരുടെ വാഹനങ്ങൾ കൂടി അഞ്ചാലുംമൂട് ജംഗഷ്‌നിലേക്ക് എത്തുന്നതോടെ കുരുക്ക് മുറുകും. സീബ്രാലൈനിന്റെ അഭാവം മൂലം കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയുമേറെ.
ബസ് ബേയ്ക്ക് നീക്കിവച്ചിരിക്കുന്ന സ്ഥലത്തെയും കടകൾക്ക് മുന്നിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കണം. സ്കൂൾ സമയത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വേഗം നിയന്ത്രിക്കാൻ നടപടി വേണം
നാട്ടുകാർ