കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കുണ്ടായ തിരിച്ചടിയിൽ കർഷകരും കർഷക സംഘടനകളും വഹിച്ച പങ്ക് വളരെ വലുതാണെന്ന് മാഗ്‌സസെ പുരസ്‌കാര ജേതാവും മാദ്ധ്യമപ്രവർത്തകനുമായ പി.സായ്‌നാഥ് പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക പ്രക്ഷോഭത്തിന്റെ മുഖ്യകേന്ദ്രങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അറുപതോളം സീറ്റുകളുടെ ഫലത്തെ വലിയ തോതിൽ കർഷകരോഷം സ്വാധീനിച്ചു.
മഹാരാഷ്ട്രയിൽ മോദി തിരഞ്ഞെടുപ്പ് റാലി നടത്തിയ 18 മണ്ഡലങ്ങളിൽ പതിനഞ്ചും ബി.ജെ.പിക്ക് നഷ്ടമായി. ഗുസ്തി താരങ്ങളെ അപമാനിച്ചതും അഗ്‌നിവീർ പദ്ധതിയും വലിയ ജനരോഷമാണ് സൃഷ്ടിച്ചത്. സ്വന്തം കർഷകർക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയ ആദ്യ രാജ്യമെന്ന കുപ്രസിദ്ധി ഇന്ത്യ നേടി. ഇന്ത്യയിലെ സാധാരണക്കാരന് അംബാനിയുടെ വരുമാനം ഉണ്ടാവണമെങ്കിൽ 2.6 മില്യൻ വർഷം വേണ്ടിവരും.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് ഇത്തരം അസമത്വം വർദ്ധിച്ചത്. ഇന്ത്യയിലെ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ പൂർണമായും വിലയ്‌ക്കെടുത്തിരിക്കുകയാണ്. മോദിക്കുവേണ്ടി ജോലി ചെയ്യുന്നവരായി മുഖ്യധാരാ മാദ്ധ്യമങ്ങൾ മാറിയിരിക്കുകയാണ്. റഷ്യയിൽ അഞ്ചുവർഷം കൂടുമ്പോൾ ശതകോടീശ്വരൻമാരിൽ പകുതിപേരെയും ജയിലിലേക്കാണ് അയക്കുന്നത്. എന്നാൽ, ഇവിടെ പാർലമെന്റിലേക്കാണ് അയക്കുന്നത്. നിലവിൽ ജനങ്ങൾക്ക് സമരമല്ലാതെ മറ്റൊരു മാർഗമില്ലെന്നും പി.സായ്‌നാഥ് കൂട്ടിച്ചേർത്തു.