 ആറ് വർഷം പിന്നിട്ടിട്ടും പാതിവഴിയിലായി നിർമ്മാണം

കൊല്ലം: കരാറുകാരുടെ മെല്ലെപ്പോക്കിൽ വഴിമുട്ടി കുണ്ടറ പള്ളിമുക്ക്- മൺറോത്തുരുത്ത് റോഡ് വികസനം. ആറ് വർഷം മുമ്പ് ഈ റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെ മെല്ലപ്പോക്ക് കാരണം രണ്ട് വർഷം മുമ്പ് ഒഴിവാക്കിയിരുന്നു. മെല്ലെപ്പോക്കിൽ ആദ്യ കരാറുകാരനെ തോൽപ്പിച്ച് മൺറോത്തുരുത്തിലെ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ് തുടർ ജോലികൾ ഏറ്റെടുത്ത രണ്ടാമത്തെ കരാറുകാരനും

2018ലാണ് മൺറോത്തുരുത്ത് പള്ളിമുക്ക് റോ‌ഡ് വികസനത്തിന് 28 കോടിയുടെ കരാറായത്. പൊട്ടിമുക്ക് മുതൽ രണ്ട് റോഡ് വരെ 3.5 കിലോ മീറ്റർ ദൂരത്തിലും ഒന്നര കിലോ മീറ്റർ നീളത്തിൽ ചിറ്റുമല-ഇടച്ചാൽ റോഡിന്റെ ഒരു ലെയർ ടാറിംഗും കുറച്ച് ഭാഗത്ത് പാർശ്വഭിത്തി നിർമ്മാണവും മാത്രമാണ് മൂന്ന് വർഷത്തോളമെടുത്ത് ആദ്യ കരാറുകാരൻ ചെയ്തത്. റോഡുകളാകെ തകർന്ന് തരിപ്പണമായി പ്രതിഷേധം ശക്തമായതോടെ 2022 മേയിൽ കരാർ റദ്ദാക്കി. 2023 മേയിൽ 19 കോടിക്ക് അവശേഷിക്കുന്ന പ്രവൃത്തികളുടെ കരാറെടുത്ത കമ്പനിയും പഴയ കരാറുകാരനെക്കാൾ വാശിയോടെ ജനങ്ങളെ വലയ്ക്കുകയാണ്.

സഞ്ചാരികളുടെ വരവിനെ ബാധിച്ചു

അടുത്തിടെ കുണ്ടറ പള്ളിമുക്ക് മുതൽ പൊട്ടിമുക്ക് വരെയുള്ള രണ്ട് കിലോ മീറ്റർ ദൂരത്തിൽ ടാർ ചെയ്തു. അതിന് പുറമേ മൺറോത്തുരുത്തിൽ കുറച്ച് ഭാഗത്ത് പാർശ്വഭിത്തിയും ഒരു കലുങ്കും മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. എന്നാൽ കുണ്ടും കുഴിയുമായിക്കിടക്കുന്ന കാനറാബാങ്ക്, കാരൂത്രക്കടവ്, റെയിൽവേ സ്റ്റേഷൻ, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, ഇടച്ചാൽ റോഡിലേക്ക് കരാറുകാരൻ തിരിഞ്ഞുനോക്കുന്നതേയില്ല. റോഡ് വികസനം പൂർത്തിയാകാത്തത് മൺറോത്തുരുത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാർ കലാവധി കഴിഞ്ഞമാസം അവസാനിച്ചതിനെ തുടർന്ന് മൂന്ന് മാസം കൂടി നീട്ടിനൽകാനുള്ള ആലോചനയിലാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി.