 
15,16 തീയതികളിൽ
52 കരകളിൽ നിന്നായി
549 കളരിസംഘങ്ങൾ
18 അടവുകളുമായി യോദ്ധാക്കൾ
3 മുതൽ 90 വയസ് വരെയുള്ളവർ
ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഓച്ചിറക്കളി മഹോത്സവം 15,16 തീയതികളിൽ നടക്കും. ഓച്ചിറക്കളിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന 52 കരകളിൽ നിന്നായി 549 കളരിസംഘങ്ങൾ ഇതുവരെ ക്ഷേത്രഭരണസമിതി ഓഫീസിൽ ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ കളരികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി വരുന്നു. ഒരു മാസത്തെ വൃതാനുഷ്ടാനത്തോടെ കളരി ആശാന്മാരുടെ ശിക്ഷണത്തിൽ 18 അടവുകൾ പരിശീലിച്ചതിന് ശേഷമാണ് യോദ്ധാക്കൾ പടനിലത്ത് എത്തുന്നത്.
എട്ടുകണ്ടവും തകിടിക്കണ്ടവും റെഡിയായി
3 വയസ് മുതൽ 90 വയസ് വരെയുള്ളവർ ഓച്ചിറക്കളിയിൽ പങ്കെടുക്കും. യോദ്ധാക്കളുടെ എണ്ണം അനുസരിച്ച് കളരി സംഘങ്ങളെ ഇത്തവണ എ, ബി,സി എന്നിങ്ങനെ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. പത്തിൽ കൂടുതൽ യോദ്ധാക്കൾ ഉൾപ്പെടുന്ന കളരി സംഘത്തെ എ വിഭാഗത്തിലും ആറു മുതൽ പത്ത് വരെ ബി വിഭാഗത്തിലും ആറിൽ താഴെ അംഗങ്ങൾ ഉള്ള സംഘത്തെ സി വിഭാഗത്തിസും ഉൾപ്പെടുത്തും. ഇവർക്ക് യാഥാക്രമം 1500,1250, 1000 രൂപ വീതം പാരിതോഷികം നൽക്കും. കിഴക്കും പടിഞ്ഞാറും കരകളിലായി അണിനിരക്കുന്ന യോദ്ധാക്കൾക്കും കളിആശാന്മാർക്കും ഉത്തവണയും വിവിധ നിറങ്ങളിൽ ഉള്ള യൂണിഫോം ഭരണസമിതി വിതരണം ചെയ്യും. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടവും തകിടിക്കണ്ടവും വൃത്തിയാക്കി കൽപ്പടവുകൾ അറ്റകുറ്റപണികൾ നടത്തി വൃത്തിയാക്കുന്ന പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഒരുക്കങ്ങൾ പൂർത്തിയായി
ഓച്ചിറക്കളി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭരണസമിതി നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 11.30ന് ഓച്ചിറക്കളി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.കേരള ഹൈക്കോടതി സീനിയർ അഡ്വ.കെ.ജാജു ബാബു മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ സി.ആർ. മഹേഷ്, യു. പ്രതിഭ എന്നിവർ പങ്കെടുക്കും. സ്ഥാനി, ശിൽബന്ധി, കാരാഴ്മ വിഭാഗങ്ങൾ വാദ്യോപകരണങ്ങളുടെയും ഋഷഭ വീരന്മാരുടെയും അകമ്പടിയോടെ കളി സംഘങ്ങളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര 12ന് ആരംഭിക്കും. ഡോ.കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അമ്പതോളം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളവും, പഞ്ചവാദ്യവും ചെണ്ട മേളവും ഇത്തവണത്തെ ഓച്ചിറക്കളിക്ക് മാറ്റുകൂട്ടും. ഓച്ചിറക്കളിക്ക് ശേഷം പതിവുപോലെ 17,18,19 തീയതികളിൽ പടനിലത്ത് കാർഷിക പ്രവർത്തനം നടക്കുമെന്നും ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, രക്ഷാധികാരി അഡ്വ.എം.സി അനിൽകുമാർ, ട്രഷറർ വലിയഴിക്കൽ പ്രകാശ്, ഭരണസമിതി അംഗങ്ങളായ കെ.പി .ചന്ദ്രൻ, ചൂനാട് വിജയൻപിള്ള, രഘുനാഥപിള്ള, ധർമ്മദാസ്, രാധാകൃഷ്ണപിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.