കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന് സമീപത്തെ കമ്മ്യൂണിറ്റി ഫാർമസിയിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു. ഇന്നലെ പുലർച്ചെ 1.40നായിരുന്നു സംഭവം. പ്രാക്കുളം സ്വദേശിയായ സുരേഷിന്റെയും സഹോദരൻ സുധീറിന്റെയും ഉടമസ്ഥതയിലുള്ള കാവനാട് അക്ഷയ കമ്മ്യൂണിറ്റി ഫാർമസിയിലാണ് മോഷണം നടന്നത്. റോഡിൽ നിന്ന് ഉള്ളിലേക്ക് നിൽക്കുന്ന കടയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കടയിലുണ്ടായിരുന്ന സി.സി ടി.വികൾ നശിപ്പിക്കുകയും ചെയ്തു. ഡോഗ്‌സ്‌ സ്ക്വാഡിന് ഗന്ധം ലഭിക്കാതിരിക്കാൻ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ മുളക് പൊടി വിതറിയിരുന്നു. തകർത്ത പൂട്ടും മോഷ്ടാക്കൾ കൊണ്ടുപോയി.

ഉടമകൾക്ക് നഗരത്തിൽ മറ്റ് മൂന്ന് ഫാർമസികൾ കൂടി ഉണ്ട്. ഇവിടുത്തെ ദിവസേനയുള്ള കളക്ഷനുകളും കാവനാട്ടെ ഫാർമസിയിലാണ് സൂക്ഷിച്ചിരുന്നത്. രണ്ടാം ശനിയും ഞായറും അവധി ആയിരുന്നതിനാൽ കളക്ഷൻ തുക ബാങ്കിൽ അടയക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ രാവിലെ കട തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് പൂട്ട് തകർത്തനിലയിൽ കാണുന്നത്. തുടർന്ന് വിവരം ശക്തികുളങ്ങര പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസും വിരലടയാളവിദഗ്ദ്ധരും നടത്തിയ പരിശോധനയിൽ കടയിൽ നിന്ന് മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന രണ്ട് വിരലടയാളങ്ങൾ ലഭിച്ചു. സി.സി.ടി.വി പരിശോധിച്ചതിൽ നിന്ന് രണ്ട് പേർ ബൈക്കിൽ കടയക്ക് മുന്നിലെത്തുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ മോഷ്ടാക്കളല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കാവനാട് പരിസരത്തെയും പെട്രോൾ പമ്പുകളിലെയും ഉൾപ്പെടെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.