photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ തകർച്ച

കൊട്ടാരക്കര: മഴ കനത്തതോടെ കൊട്ടാരക്കര- പുത്തൂർ റോഡ് തകർന്നു. മിക്കയിടത്തും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. മഴവെള്ളം കുഴികളിൽ കെട്ടി നിൽക്കുന്നതിനാൽ അപകടങ്ങളും പതിവായി. മുസ്ളീം സ്ട്രീറ്റ് പാലത്തോട് ചേർന്ന കുഴികൾ സ്ഥിരം അപകടക്കെണിയാണ്. പുത്തൂർ ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളെല്ലാം ഈ കുഴിയിൽ വീഴാതെ കടന്നുപോകാറില്ല. ഇവിടെ നിന്ന് 100 മീറ്റർ പിന്നിട്ടാൽ ലക്ഷ്മി ബേക്കറി ഭാഗത്തടക്കം റോഡ് നിറയെ കുഴികളാണ്.

അധികൃത‌ർ തിരിഞ്ഞുനോക്കുന്നില്ല

പൂത്തൂർവരെ വിവിധ ഇടങ്ങളിൽ വലിയ തോതിൽ റോഡ് തകർന്നിട്ടും അധികൃത‌ർ തിരിഞ്ഞുനോക്കുന്നില്ല. മാസങ്ങൾക്ക് മുൻപ് കുഴിയടക്കൽ നാടകം നടത്തിയിരുന്നു. അറ്റകുറ്റപ്പണികൾ കണക്കാക്കി പെറ്റിബില്ലുകളുണ്ടാക്കി വലിയ തുക മാറുന്നുണ്ടെന്നാണ് ആക്ഷേപം. കുഴിയടച്ചാൽ ഒരാഴ്ച പിന്നിടുമ്പോഴേക്കും റോഡ് പഴയതിലും മോശമായി മാറും. മഴക്കാലമായതിനാൽ ഇപ്പോൾ കുഴിയടക്കലുമില്ല.

ധനമന്ത്രിയുടെ മണ്ഡലമായിട്ടും

കൊട്ടാരക്കര- പുത്തൂർ റോഡിലൂടെ ആദ്യമെത്തുന്നവർ അപകടത്തിൽപ്പെടുമെന്നുറപ്പാണ്. സന്ധ്യ മയങ്ങിയാൽ അപകടത്തിന്റെ തോത് കൂടും. നല്ല വേഗതയിൽ വാഹനമെത്തി കുഴിയിൽ വീണാൽ തെറിച്ചുവീഴും. ഇരുചക്ര വാഹന യാത്രികരാണ് മിക്ക ദിവസവും അപകടത്തിൽപ്പെടുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും അപകടത്തെ മാടിവിളിച്ച് പുതിയ കുഴികൾ രൂപപ്പെടുന്നു. ധനമന്ത്രിയുടെ മണ്ഡലമായിട്ടും വേണ്ടുന്ന പരിഹാരം ഉണ്ടാകുന്നില്ല.

പദ്ധതി പൂർത്തിയായില്ല

കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു. കഴി‌ഞ്ഞ സർക്കാരിന്റെ കാലത്താണ് തുക അനുവദിച്ചതും നിർമ്മാണം തുടങ്ങിയതും. എന്നാൽ നാളിതുവരെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.