t

കൊല്ലം: ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്കുള്ള, ആശ്രാമം ലിങ്ക് റോഡ് നാലാംഘട്ട വികസനത്തിന് 190 കോടിയുടെ പുതിയ എസ്റ്റി​മേറ്റ്. 176 കോടി കണക്കാക്കിയിരുന്ന പഴയ രൂപരേഖയിൽ, കിഫ്ബി നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയതോടെയാണ് തുക ഉയർന്നത്. 150 കോടി നേരത്തേതന്നെ അനുവദിച്ചിരുന്നു. കിഫ്ബിക്ക് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) കൈമാറിയ എസ്റ്റി​മേറ്റി​ൻ പ്രകാരമുള്ള തുടർനടപടി​കൾ വൈകാതെ ആരംഭി​ക്കും.

പഴയ രൂപരേഖയിൽ അഞ്ച് മീറ്ററായിരുന്ന, നിലവിലെ തേവള്ളി പാലവും ലിങ്ക് റോഡിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ പാലവും തമ്മിലുള്ള അകലം അഞ്ചര മീറ്ററായി വർദ്ധി​പ്പി​ച്ചു. കായലിലെ ഏറ്റവും ഉയർന്ന ജിലനിരപ്പിൽ നിന്നു പുതിയ പാലത്തിന്റെ ഉയരം 30 സെന്റീ മീറ്റർ വരുന്ന തരത്തിലും മാറ്റം വരുത്തി. ഇതിന് പുറമേ നേരത്തെ 20 മീറ്ററായിരുന്ന, തേവള്ളി പാലത്തിന് അടയിലെ പുതിയ സ്പാനിന്റെ നീളം 26 മീറ്ററാക്കി. പൈലിംഗ് നടക്കുമ്പോൾ തേവള്ളി പാലത്തെ ബാധിക്കാതിരിക്കാനാണ് മദ്ധ്യഭാഗത്തെ സ്പാനിന്റെ നീളം വർദ്ധിപ്പിച്ചത്.

കെ.ആർ.എഫ്.ബി പൂർത്തിയാക്കിയ പുതിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് സമാന്തരമായി പൊതുമരാമത്ത് ഡിസൈൻ വിഭാഗം മറ്റൊരു രൂപരേഖയും എസ്റ്രിമേറ്റും വിശദമായ ഡി.പി.ആറും തയ്യാറാക്കുന്നുണ്ട്. ഇവ രണ്ടും പരിഗണിച്ചാകും കിഫ്ബി അന്തിമ തീരുമാനമെടുക്കുക.

മാറ്റി​ വരയ്ക്കാൻ കാരണം 'അകലം'

നേരത്തെയുള്ള രൂപരേഖയിൽ ജലനിരപ്പും പുതുതായി നിർമ്മിക്കുന്ന പാലവും തമ്മിൽ ആവശ്യമായ അകലമില്ലെന്നും തേവള്ളി പാലത്തിന്റെ ഭാവി വികസനത്തിന് തടസമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ട് വർഷം മുൻപേ നാലാംഘട്ടത്തിന് കിഫ്ബി അനുമതി നിഷേധിച്ചത്. ഡി.പി.ആറിന്റെ അടക്കം പരിശോധനകൾ പൂർത്തിയാക്കി അടുത്ത കിഫ്ബി യോഗത്തിന്റെ പരിഗണനയിൽ എത്തിച്ച് ലിങ്ക് റോഡ് നാലാംഘട്ടത്തിന് അംഗീകാരം വാങ്ങാനാണ് ഇപ്പോഴത്തെ ശ്രമം.

ഒന്നര വർഷത്തെ കാത്തിരിപ്പ്

കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെ ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം പൂർത്തിയായിട്ട് ഒന്നരവർഷത്തോളമാകുന്നു. നാലാംഘട്ടത്തിന് അനുമതി ലഭിച്ച ശേഷം മൂന്നാംഘട്ടം ഗതാഗതത്തിന് തുറന്നു നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. ഓലയിൽക്കടവിൽ അവസാനിക്കുന്ന മൂന്നാംഘട്ടം കൊണ്ടുമാത്രം ലിങ്ക് റോഡ് വികസനം പ്രയോജനപ്പെടില്ല. തോപ്പിൽക്കടവ് വരെ നീട്ടിയാലെ ഹൈസ്കൂൾ ജംഗ്ഷൻ, കളക്ക്ടറേറ്റ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാകു.

പുതിയ എസ്റ്റിമേറ്റ്: 190 കോടി

പഴയത്: 176 കോടി

മുമ്പ് അനുവദിച്ച തുക: 150 കോടി